സി.പി.എം ഭരിക്കുന്ന ബാങ്കില്‍ പണിമുടക്കില്ല; ഷട്ടര്‍ അടച്ചിട്ട് ജോലി ചെയ്ത് ജീവനക്കാര്‍

തൃശൂരില്‍ സിപിഎം നേതാക്കള്‍ ഭരണ സമിതി അംഗങ്ങളായുള്ള സഹകരണ ബാങ്കില്‍ ജീവനക്കാര്‍ ഷട്ടര്‍ അടച്ചിട്ടിരുന്ന് ജോലി ചെയ്യുന്നു. തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലാണ് പണിമുടക്കിന്റെ രണ്ടാം ദിവസം ജീവനക്കാര്‍ ജോലിക്ക് കയറിയത്.

രണ്ട് ഷട്ടറുകളും പൂട്ടിയിരുന്ന ബാങ്കിന്റെ അകത്ത് ആളുണ്ടെന്ന് അറിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി സെക്യൂരിറ്റി ജീവനക്കാരോട് ഷട്ടര്‍ തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ബാങ്കിന്റെ സര്‍വര്‍ ഡൗണ്‍ ആയതിനാല്‍ കമ്പ്യൂട്ടര്‍ സര്‍വീസ് ചെയ്യുകയാണെന്ന് ബാങ്ക് സെക്രട്ടറി വിശദീകരിച്ചു. ബാങ്കിന്റെ പ്രവര്‍ത്തനം നടക്കുന്നില്ല. ജീവനക്കാര്‍ എല്ലാവരും പണിമുടക്കുമായി സഹകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടായി. തിരുവനന്തപുരത്ത് ലുലുമാള്‍ തുറക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് സിഐടിയു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ആറ്റിങ്ങലില്‍ സമരാനുകൂലികള്‍ കടകള്‍ അടപ്പിച്ചു.