'ചങ്ങാത്ത മുതലാളിത്തം ഇവിടെ ഉദ്ദേശിക്കുന്നില്ല, പൊതുമേഖലയെ വിൽക്കാൻ ആഗ്രഹിക്കുന്നില്ല'; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദൻ

പൊതുമേഖലയെ വിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ലാഭത്തിൽ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളിലൊന്നും പൊതു-സ്വകാര്യ പങ്കാളിത്തം നടപ്പാക്കില്ലെന്നും എപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ചങ്ങാത്ത മുതലാളിത്തം ഇവിടെ ഉദ്ദേശിക്കുന്നില്ലെന്നും യൂസര്‍ ഫീസിൽ തീരുമാനമായിട്ടില്ലെന്നും ജനങ്ങളുടെ സമ്മതത്തോടെ മാത്രമെ മുന്നോട്ടുപോവുകയുള്ളുവെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

നവകേരളയ്ക്ക് പുതുവഴിയെന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ പിണറായി വിജയൻ അവതരിപ്പിച്ച നയരേഖയിലെ സ്വകാര്യ നിക്ഷേപം ആര്‍ജിക്കാൻ ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളിൽ മറുപടി പറയുകയായിരുന്നു എംവി ഗോവിന്ദൻ. നയരേഖയ്ക്ക് പ്രതിനിധികള്‍ക്കിടയിൽ വലിയ സ്വീകാര്യതയാണെന്നും പുതിയ വിഭവ സമാഹരണ നിർദേശങ്ങളും പ്രതിനിധികൾ സ്വാഗതം ചെയ്തുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. രേഖയോടൊപ്പം ചേർക്കേണ്ട നിർദേശങ്ങളും പ്രതിനിധികൾ ഉയർത്തി.

അതേസമയം നവകേരള നിർമ്മാണം സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായിരിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കാർഷിക മേഖല ശക്തിപ്പെടുത്തണം. വന്യജിവി ആക്രമണം പ്രതിരോധിക്കാൻ ഇടപെടൽ വേണം. വന്യ ജീവികൾക്കൊപ്പം കർഷക ജീവനുകളും പ്രധാനപ്പെട്ടതാണെന്ന അഭിപ്രായവും ചര്‍ച്ചയിൽ ഉയര്‍ന്നു. ഡാമുകളിൽ നിന്നും മണൽ വാരി പണം ഉണ്ടാക്കണമെന്ന അഭിപ്രായവും ഉയര്‍ന്നുവെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.