വാളയാർ കേസിലെ നാലാം പ്രതി മധുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഫാക്ടറി സൈറ്റ് മാനേജർ പൊലീസ് കസ്റ്റഡിയിൽ. എറണാകുളം എടയാറിലെ ബിനാനി സിങ്ക് ഫാക്ടറി സൈറ്റ് മാനേജർ നിയാസിനെയാണ് ബിനാനിപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
സ്ഥാപനത്തിലെ ചെമ്പ് കമ്പിയും തകിടുകളും മോഷ്ടിക്കാൻ ശ്രമിച്ചതിന് മധുവിനെ നേരത്തെ കരാർ കമ്പനി അധികൃതർ പിടികൂടിയിരുന്നു. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ പരാതി നൽകാൻ കമ്പനി തയ്യാറെടുക്കുന്നതിനിടെയാണ് മധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങൾക്ക് മുൻപ് അടച്ചുപൂട്ടിപ്പോയ ബിനാനി സിങ്ക് കമ്പനിയിലെ ലോഹ ഭാഗങ്ങൾ നീക്കാൻ കരാർ ഏറ്റെടുത്ത കമ്പനിയിലെ ജീവനക്കാരനായിരുന്നു മധു.
മധുവിന്റെ പോസ്റ്റ്മോർട്ടം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. ഇന്നലെയാണ് വാളയാർ സഹോദരിമാരുടെ പീഡനക്കേസിലെ നാലാം പ്രതി ചെറിയ മധുവിനെ (33) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആലുവയിലെ അടച്ചു പൂട്ടിയ ബിനാനി സിങ്ക് ഫാക്ടറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
Read more
മരിച്ച കുട്ടികളുടെ അടുത്ത ബന്ധു കൂടിയാണ് ചെറിയ മധു. വാളയാര്‍ കേസില്‍ സിബിഐ പുനരന്വേഷണം തുടരുന്നതിനിടെയാണ് പ്രതിയുടെ മരണം. വാളയാര്‍ കേസിലെ മൂന്നാം പ്രതി പ്രദീപ് കുമാര്‍ 2020 നവംബര്‍ നാലിന് ജീവനൊടുക്കിയിരുന്നു.