ആലപ്പുഴ പുന്നപ്രയിലെ നന്ദുവിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്‌

ആലപ്പുഴ പുന്നപ്രയിലെ നന്ദുവിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവ് അറിയിച്ചു. മരണം വിവാദമായതിനെ തുടര്‍ന്നാണ് അന്വേഷണം കൈമാറിയത്. ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ പിന്തുടര്‍ന്നപ്പോള്‍ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയപ്പോള്‍ നന്ദു ട്രെയിന്‍ തട്ടി മരിക്കുകയായിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്.

അതേസമയം നന്ദുവിന് നന്ദുവിന് മര്‍ദ്ദനമേറ്റിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ എട്ട് പേര്‍ക്ക് എതിരെ കേസെടുത്തിട്ടുണ്ട്്. നിധിന്‍ തോമസ്, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, മുന്ന, ഫൈസല്‍, സജീവന്‍, റോബിന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മുന്ന, ഫൈസല്‍ എന്നിവര്‍ ചേര്‍ന്നാണ് നന്ദുവിനെ മര്‍ദ്ദിച്ചത്. നന്ദുവിന്റെ വീട്ടില്‍ മാരകായുധങ്ങളുമായി ചെന്ന് ഭീഷണിപ്പെടുത്തിയതിനാണ് മറ്റുള്ളവര്‍ക്ക് എതിരെ കേസെടുത്തത്.

മാനസിക വിഷമത്തെ തുടര്‍ന്ന് നന്ദു ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിന്റെ നിഗമനം. ഞായറാഴ്ച വൈകുന്നേരം പുന്നപ്ര പൂമീന്‍ പൊഴിക്ക് സമീപം മദ്യലഹരിയില്‍ ഇരുകൂട്ടരും തമ്മില്‍ അടിപിടി നടന്നിരുന്നു. ഇവരെ പിടിച്ചു മാറ്റാന്‍ നന്ദു പോയിരുന്നു. ഇതിന് ശേഷമാണ് നന്ദുവിനെ കാണാതായത്.

Read more

നന്ദുവിനെ കാണാതാകുന്നതിന് മുന്‍പ് ബന്ധുവിന്റെ മൊബൈല്‍ ഫോണിലേക്കയച്ച ശബ്ദ സന്ദേശത്തില്‍ ചിലര്‍ മര്‍ദ്ദിച്ചതായി പറയുന്നുണ്ട്. പുന്നപ്ര പുതുവല്‍ ബൈജുവിന്റെയും സരിതയുടെയും മകന്‍ ശ്രീരാജാണ് (നന്ദു20) ഞായറാഴ്ച രാത്രി 8.10ന് മെഡിക്കല്‍ കോളജിന് സമീപത്താണ് ട്രെയിനിടിച്ച് മരിച്ചത്.