ചാനല്‍ ചര്‍ച്ചക്കിടയിലെ അപകീര്‍ത്തികരമായ പരാമര്‍ശം : വിനു വി. ജോണിനും, റോയ് മാത്യുവിനും എതിരെ നിയമനടപടിക്ക് ബാലാവകാശ കമ്മീഷന്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പങ്കെടുത്ത പരിപാടിയുടെ വീഡിയോ, വാര്‍ത്തയില്‍ കാണിക്കുകയും അതിനെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന പരാമര്‍ശം നടത്തുകയും ചെയ്തതിന് ഏഷ്യാനെറ്റ് വാര്‍ത്താ അവതാരകന്‍ വിനു വി ജോണിനും, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ റോയ് മാത്യുവിനും എതിരെ നിയമ നടപടി സ്വീകരിക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്.

പരാതിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി പങ്കെടുത്ത വീഡിയോ ചര്‍ച്ചയില്‍ കാണിക്കുകയും അതില്‍ കുട്ടിയെ കുറിച്ച് മോശം പരാമര്‍ശം നടത്തുകയും ചെയ്തതായി കമ്മീഷന്‍ വിലയിരുത്തി. വിനു വി ജോണ്‍ പിറ്റേ ദിവസം മാപ്പു പറഞ്ഞെങ്കിലും പോസ്‌കോ നിയമത്തിലെ കുറ്റകൃത്യങ്ങള്‍ മാപ്പപേക്ഷയില്‍ തീര്‍ക്കാന്‍ സാദ്ധ്യമല്ലന്ന് കമ്മീഷന്‍ വിലയിരുത്തി.

പ്രവാസി മലയാളി ഫൗണ്ടേഷന്‍ ഭാരവാഹിയായിരുന്ന പുരാവസ്തു ശേഖരമുണ്ടെന്ന് അവകാശപ്പെട്ടു പലരെയും കബളിപ്പിച്ചു കോടികള്‍ തട്ടിയതിന് ഇപ്പോള്‍ ജയിലില്‍ കിടക്കുന്ന വ്യക്തിയുടെ നേതൃത്വത്തില്‍ ബോള്‍ഗാട്ടി പാലസില്‍ സംഘടിപ്പിച്ച ഈ സംഘടനയുടെ പരിപാടിയില്‍ പരാതിക്കാരിയുടെ ഭര്‍ത്താവിനെ ആദരിച്ചിരുന്നു. ഈ വീഡിയോയുമായി ബന്ധപ്പെട്ടാണ് മോശം പരാമര്‍ശങ്ങള്‍ പരാതിക്കാരുടെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കെതിരെ അന്നത്തെ ചര്‍ച്ചയിലെ പാനലിസ്റ്റായിരുന്ന റോയ് മാത്യു നടത്തിയത്.


കുട്ടിയുടെ പിതൃത്വം ചോദ്യം പോലും ചെയ്തുവെന്നും ലോകം മുഴുവനുമുളള പ്രേക്ഷകര്‍ക്ക് മുമ്പില്‍ പരാതിക്കാരിയെയും മകളെയും മോശക്കാരിയായി ചിത്രീകരിച്ചുവെന്നും പരാതിക്കാരി കുറ്റപ്പെടുത്തുന്നു. കുട്ടിയുടെ പിതൃത്വം സംശയകരമായി തോന്നുന്നു എന്ന പ്രസ്താവനയെ വാര്‍ത്ത അവതാരകന്‍ പിന്തുണയ്ക്കുക കൂടി ചെയ്തത് കുട്ടിയെ അപമാനിക്കുന്നതാണെന്ന് കാണിച്ചായിരുന്നു പരാതി.