'സൈന്യത്തില്‍ സ്ത്രീകളുടെ സാന്നിധ്യം അനിവാര്യം'; കേരളത്തിലെ നാലാമത്തെ സൈനിക സ്‌കൂള്‍ ഉദ്ഘാടനം ചെയ്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്

കേരളത്തിലെ നാലാമത്തെ സൈനിക സ്‌കൂള്‍ മാവേലിക്കരയില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തു. ആധുനികകാലത്ത് രാജ്യത്ത് സൈനിക സ്‌കൂളുകള്‍ക്ക് പ്രസക്തിയേറെയാണെന്ന് അദേഹം പറഞ്ഞു. മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠമാണ് സൈനിക് സ്‌കൂളായി ഉയര്‍ത്തിയത്.

ചെറുപ്പക്കാര്‍ക്കിടയിലെ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സൈനിക സ്‌കൂളുകളിലെ പരിശീലനം സഹായകരമാകും. പ്രതിരോധസേനയില്‍ ഗുണനിലവാരമുള്ള അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് രാജ്യത്ത് കൂടുതല്‍ സൈനിക സ്‌കൂളുകള്‍ തുടങ്ങുന്നത്. കെഡേറ്റുകള്‍ക്ക് ശാരീരിക, മാനസിക പരിശീലനം നല്‍കുന്നത് ഗുണനിലവാരമുള്ള സേനാംഗങ്ങളെ സൃഷ്ടിച്ചെടുക്കും.

രാജ്യം സ്വാശ്രയത്വത്തിന്റെ പാതയിലാണ്. വ്യവസായ, ഗതാഗത, ആരോഗ്യ, പ്രതിരോധ മേഖലകള്‍ സ്വാശ്രയത്വത്തില്‍ എത്തുമ്പോള്‍ വിദ്യാഭ്യാസരംഗത്ത് പരിവര്‍ത്തനം അനിവാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനംചെയ്ത വികസിത് ഭാരത് 2047 പദ്ധതിയില്‍ താക്കോല്‍സ്ഥാനം യുവജനങ്ങള്‍ക്കാണുള്ളതെന്നും മന്ത്രി പറഞ്ഞു.

മഹാപുരുഷന്മാരായ സ്വാമി വിവേകാനന്ദനും ശ്രീനാരായണഗുരുവും രാജാരവിവര്‍മയും ഒരര്‍ഥത്തില്‍ സൈനികര്‍ തന്നെയാണ്. അവരുടെ കര്‍മമണ്ഡലം യുദ്ധമായിരുന്നില്ല. സാമൂഹിക, മത, കല രംഗങ്ങളില്‍ ഗുണപരമായ പരിവര്‍ത്തനത്തിനാണ് അവര്‍ വഴിയൊരുക്കിയത്. സൈന്യത്തില്‍ സ്ത്രീകളുടെ സാന്നിധ്യം അനിവാര്യമാണ്. ഓഫീസര്‍ തസ്തികയില്‍വരെ സ്ത്രീകള്‍ക്ക് സ്ഥിരംനിയമനം നല്‍കിയതിന്റെ ഗുണമുണ്ടായിട്ടുണ്ട്. സൈനിക സ്‌കൂളുകളിലും തുല്യ അവസരമാണ് പെണ്‍കുട്ടികള്‍ക്കു നല്‍കുന്നതെന്നും മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.

കഴിഞ്ഞ അധ്യയന വര്‍ഷമാണു വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിനു സൈനിക സ്‌കൂള്‍ അംഗീകാരം ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ 80 കുട്ടികള്‍ രണ്ടു ബാച്ചിലായി പ്രവേശനം നേടി.കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള സൈനിക സ്‌കൂളിലേക്ക് അടുത്ത അധ്യയന വര്‍ഷത്തേക്ക് ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു നടപടികള്‍ ആരംഭിച്ചു. കേരളത്തില്‍ മാവേലിക്കര കൂടാതെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഓരോ സൈനിക സ്‌കൂള്‍ കൂടി ഉണ്ട്.