പരീക്ഷയില്ലെങ്കിലും ചോദ്യപേപ്പര്‍ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ്; നഷ്ടമായത് 18 ലക്ഷം രൂപ; നടപടി ആവശ്യപ്പെട്ട് അദ്ധ്യാപക സംഘടനകള്‍

വാര്‍ഷിക പരീക്ഷ മാത്രമുള്ള ഹയര്‍ സെക്കന്ററി ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ദ്ധ വാര്‍ഷിക പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ അച്ചടിച്ച് പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണയായി വാര്‍ഷിക പരീക്ഷ മാത്രമാണ് നടത്താറുള്ളത്. എന്നാല്‍ ഇല്ലാത്ത പരീക്ഷയ്ക്കായി ആറ് ലക്ഷത്തിലേറെ ചോദ്യപേപ്പറുകളാണ് വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി സ്‌കൂളുകളിലേക്കയച്ചത്.

ഡിസംബര്‍ 12ന് ആരംഭിക്കുന്ന റെഗുലര്‍ വിദ്യാര്‍ത്ഥികളുടെ അര്‍ദ്ധ വാര്‍ഷിക പരീക്ഷ ചോദ്യപേപ്പറിന് ഒപ്പമാണ് സ്‌കൂളുകളിലേക്ക് ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ചോദ്യപേപ്പറും എത്തിയത്. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലായി ഒരു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ പഠിക്കുന്നുണ്ട്.

Read more

എന്നാല്‍ ഒരു ലക്ഷത്തിലേറെ മാത്രം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ അച്ചടിച്ച് കൂട്ടിയത് ആറു ലക്ഷം ചോദ്യ പേപ്പറുകളാണ്. സംഭവത്തെ തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ധ്യാപക സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിലെ വീഴ്ച അന്വേഷിക്കാന്‍ ആര്‍ഡിഡിമാരെ ചുമതലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.