മോഹന്‍ലാലിന്റെ പേരില്‍ പത്രത്തില്‍ വ്യാജ അനുസ്മരണക്കുറിപ്പ്: മാപ്പ് പറഞ്ഞതിന് പിന്നാലെ നടപടി; ന്യൂസ് എഡിറ്ററെ ദേശാഭിമാനി സസ്‌പെന്‍ഡ് ചെയ്തു

കഴിഞ്ഞ ദിവസം അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച് മോഹന്‍ലാലിന്റെ പേരില്‍ വ്യാജ അനുസ്മരണക്കുറിപ്പെഴുതി ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ നടപടി. സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ മാപ്പ് പറയുകയും ഗുരുതര പിഴവ് വരുത്തിയ ന്യൂസ് എഡിറ്ററെ ദേശാഭിമാനി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

ദേശാഭിമാനി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ എ വി അനില്‍ കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജീവിച്ചിരിക്കുന്ന മോഹന്‍ലാലിന്റെ അമ്മയെ കുറിപ്പില്‍ മരിച്ചതായി പരാമര്‍ശിച്ചതുള്‍പ്പെടെ കുറിപ്പ് പ്രസിദ്ധീകരിച്ചതും ഗുരുതരമായ വീഴ്ചയായി വിലയിരുത്തിയാണ് മാധ്യമസ്ഥാപനത്തിന്റെ നടപടി.

കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തെ കുറിച്ച് മോഹന്‍ലാല്‍ എഴുതുന്നുവെന്ന എഡിറ്റോറിയല്‍ പേജ് ലേഖനത്തിലാണ് തെറ്റായ വിവരങ്ങള്‍ നല്‍കിയത്. മോഹന്‍ലാലിന്റെ പേരില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം ദേശാഭിമാനിയിലുള്ള മാധ്യ പ്രവര്‍ത്തകര്‍ തന്നെ ഏഴുതിയതാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അത്തരം ഒരു തെറ്റാണ് ലേഖനത്തിലുണ്ടായിരുന്നത്.

മോഹന്‍ലാല്‍ ഏഴുതിയതെന്ന് പറഞ്ഞ് നല്‍കിയ ലേഖനത്തിലെ ഒരു വരി ഇങ്ങനെയാണ്-”രണ്ട് പ്രിയപ്പെട്ട അമ്മമാരില്‍ ജന്മം തന്ന അമ്മ നേരത്തെ യാത്ര പറഞ്ഞുപോയി. ഇതാ ഇപ്പോള്‍ അത്രമേല്‍ ആഴത്തില്‍ സ്നേഹിച്ച സിനിമയിലെ അമ്മയും വിട പറഞ്ഞിരിക്കുന്നു” എന്നതാണ്. എന്നാല്‍, ഇതല്ല സത്യാവസ്ഥ. മോഹന്‍ലാലിന്റെ അമ്മയായ ശാന്തകുമാരിയമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ചികിത്സയുടെ ഭാഗമായി അവര്‍ നിലവില്‍ കൊച്ചി ഇളമക്കരയിലെ വീട്ടില്‍ താമസിക്കുന്നുണ്ട്. അടുത്തിടെ മോഹന്‍ലാല്‍ അമ്മയുടെ ജന്മദിനം ആഘോഷിക്കുന്ന ഫോട്ടോയും പുറത്തു വന്നിരുന്നു.

Read more

ഇതുപോലും മനസിലാക്കാതെയാണ് സിപിഎം മുഖപത്രം മോഹന്‍ലാലിന്റെ അമ്മയെ കൊന്നത്. വ്യാജവാര്‍ത്തയില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ഉയര്‍ന്നതോടെ ദേശാഭിമാനി വിഷയത്തില്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. നടി കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച് ശനിയാഴ്ച്ച പ്രസിദ്ധീകരിച്ച പ്രത്യേക പേജില്‍ ഗുരുതരമായ പിശകുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഇതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും മാപ്പ് അപേക്ഷയില്‍ ദേശാഭിമാനി പറയുന്നു.