INDIAN CRICKET: പണത്തിന് വേണ്ടി അവന്‍ അങ്ങനെ ചെയ്യില്ല, പിന്നെ എന്തിന്?, ജയ്‌സ്വാളിന്റെ മാറ്റത്തെകുറിച്ച് ആകാശ് ചോപ്ര

ഐപിഎലിലൂടെ ദേശീയ ടീമിലെത്തി ഇന്ത്യന്‍ ടീമിന്റെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയ താരമാണ് യശസ്വി ജയ്‌സ്വാള്‍. ടെസ്റ്റ് ടീമിലും ടി20 ടീമിലും തിളങ്ങിയ താരം ഇക്കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിച്ച ഇന്ത്യന്‍ ടീമിലും ഇടംപിടിച്ചിരുന്നു. ഐപിഎലിന് പുറമെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം കൂടി പരിഗണിച്ചാണ് ജയസ്വാളിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചത്. രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കായാണ് താരം കളിച്ചിരുന്നത്. ചെറിയ പ്രായത്തില്‍ തന്നെയുളള താരത്തിന്റെ ശ്രദ്ധേയ പ്രകടനം ജയ്‌സ്വാളിനെ മുംബൈ ടീമിലെ സ്ഥിരാംഗമാക്കി മാറ്റുന്നതിലേക്ക് നയിച്ചു. എന്നാല്‍ മുംബൈ ടീം വിട്ട് ഗോവയിലേക്ക് താന്‍ മാറുകയാണെന്ന് ജയ്‌സ്വാള്‍ കഴിഞ്ഞ ദിവസം അറിയിച്ചത് ആരാധകരില്‍ വലിയ ഞെട്ടലുണ്ടാക്കി.

നായകന്‍ രഹാനെയുമായുളള അസ്വാരസ്യം കാരണമാണ് യുവതാരം മുംബൈ വിട്ടത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും അതേകുറിച്ചൊന്നും താരം പ്രതികരിച്ചിരുന്നില്ല. ഗോവ നായകസ്ഥാനം വാഗ്ദാനം ചെയ്തതുകൊണ്ടാണ് ടീം മാറുന്നതെന്നും ഇത് ഇപ്പോള്‍ നല്ലൊരു അവസരമായാണ് താന്‍ കാണുന്നതെന്നുമാണ് ജയ്‌സ്വാള്‍ പ്രതികരിച്ചത്. അതേസമയം പൈസയ്ക്ക് വേണ്ടി ജയ്‌സ്വാള്‍ ഇങ്ങനെ ടീം മാറില്ലെന്ന് അഭിപ്രായപ്പെട്ടിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍താരം ആകാശ് ചോപ്ര.

‘ജയ്‌സ്വാള്‍ മുംബൈ വിട്ടു എന്നൊരു പ്രധാനപ്പെട്ട വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. സൂര്യകുമാര്‍ യാദവിനെ സംബന്ധിച്ചും ഇങ്ങനെയൊരു റിപ്പോര്‍ട്ട് ഉണ്ടായി,. എന്നാല്‍ സൂര്യ ഇത് വ്യാജവാര്‍ത്തയെന്ന് സ്ഥിരീകരിച്ചു. ഇത് ആവര്‍ത്തിച്ച് സംഭവിക്കുന്നത് രസകരമാണ്. പലപ്പോഴും സീരിയല്‍ കുറ്റവാളികളാണ് ഇതിന് കാരണം. എന്തിനാണ് ഈതരത്തില്‍ ഒരു ക്ലിക്ക്‌ബെയ്റ്റ് നടത്തുന്നത്.

എന്നിരുന്നാലും യശസ്വിയുടേത് വലിയൊരു വാര്‍ത്തയാണ്. അവന്‍ ഒരിക്കലും പണത്തിന് വേണ്ടി ഇങ്ങനെ പോവില്ല. പ്രൊഫഷണല്‍ ക്രിക്കറ്റര്‍മാര്‍ക്കെല്ലാം നല്ല പണം ലഭിക്കും. ഞാന്‍ മുന്ന് വര്‍ഷത്തോളം പ്രൊഫഷണല്‍ ക്രിക്കറ്റ് കളിച്ചു. അന്ന് പണത്തെകുറിച്ചായിരുന്നു സംസാരം. പക്ഷേ യശസ്വി ജയ്‌സ്വാളിന് 18 കോടി രൂപയുടെ മൂല്യമുണ്ട്. ഇന്ത്യയുടെ കരാര്‍ പട്ടികയില്‍ അദ്ദേഹത്തിന്റെ പേര് ഉണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍ പണത്തിന് വേണ്ടി അദ്ദേഹം അങ്ങനെ ചെയ്യില്ല, ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

Read more