മുനമ്പം ഭൂമി സിദ്ദിഖ് സേട്ടിന് രാജാവ് ലീസിന് നല്‍കിയതോ? 1902ലെ രേഖകള്‍ ഹാജരാക്കണമെന്ന് വഖഫ് ട്രൈബ്യൂണല്‍

മുനമ്പം ഭൂമി വിഷയത്തില്‍ ഉടമസ്ഥാവകാശം തെളിയിക്കാന്‍ 1902 ലെ രേഖകള്‍ ഹാജരാക്കണമെന്ന് വഖഫ് ട്രൈബ്യൂണല്‍. ഇഷ്ടദാനം ലഭിച്ച ഭൂമിയാണെങ്കില്‍ അതിന് തെളിവ് ഹാജരാക്കണമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. സിദ്ദിഖ് സേട്ടിന് ലീസിന് നല്‍കിയ ഭൂമിയാണെങ്കില്‍ അത് വഖഫ് ഭൂമിയാകില്ലെന്നും ട്രൈബ്യൂണല്‍ അറിയിച്ചു.

സിദ്ദിഖ് സേട്ടിന് എങ്ങനെ ഭൂമി ലഭിച്ചെന്ന് വഖഫ് ട്രൈബ്യൂണല്‍ ചോദിച്ചു. ലീസിന് നല്‍കിയ ഭൂമിയാണെങ്കില്‍ അത് വഖഫ് ഭൂമിയാകുമോയെന്നും ട്രൈബ്യൂണല്‍ ചോദിച്ചു. ഇഷ്ടദാനം ലഭിച്ചതാകാമെന്ന എതിര്‍ഭാഗത്തിന്റെ വാദത്തിന് തെളിവ് ഹാജരാക്കണമെന്നായിരുന്നു ട്രൈബ്യൂണല്‍ മറുപടി നല്‍കിയത്.

രാജാവ് ഭൂമി ലീസിന് നല്‍കിയതാവില്ലെയെന്നും വിവാദമുള്ള വിഷയമാണെന്നും പറഞ്ഞ കോടതി സമൂഹത്തെയും, കോടതിയെയും വേര്‍തിരിക്കാന്‍ ആകില്ലെന്നും വ്യക്തമാക്കി. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് 1902 ലെ രേഖകള്‍ ഹാജരാക്കണമെന്ന് ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു. രേഖകള്‍ കൊണ്ടുവരാതെ വിവാദം കൊണ്ട് നടന്നിട്ട് കാര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.

1902ലെ രേഖകള്‍ പ്രകാരം ലീസിന് ലഭിച്ച ഭൂമിയാണെങ്കില്‍ കേസ് അതോടെ അവസാനിച്ചെന്നും ട്രൈബ്യൂണല്‍ അറിയിച്ചു. ലീസിന്റെ പേരില്‍ വഖഫ് നില നില്‍ക്കില്ല എങ്കില്‍ മലബാറില്‍ ഒരു വഖഫും കാണില്ല. ജനുവരി 25 ന് രേഖ കൊണ്ടുവരാന്‍ സാധിക്കുമോയെന്നും കോടതി ചോദിച്ചു. 1902 ലെ രേഖ കിട്ടിയില്ലെങ്കില്‍ മാത്രം 1952 ലെ രേഖ പരിശോധിക്കണമെന്ന് കോടതി പറഞ്ഞു.