കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജിൽ ഡോക്ടറെ ആക്രമിച്ച കേസിൽ പ്രതി ഡോയലിനതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ചികിത്സക്കെത്തിയ ഇയാൾ മദ്യലഹരിയിൽ ഡോക്ടറെ മർദിച്ചതായാണ് കേസ്. ആശുപത്രി സംരക്ഷണ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
അപകടത്തില്‍ പരിക്കേറ്റ് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തിയതായിരുന്നു വട്ടേകുന്ന് സ്വദേശിയായ ഡോയല്‍. ചികിത്സക്കിടെയാണ് ആശുപത്രിയില്‍ അതിക്രമം നടത്തിയത്. തന്റെ മുഖത്തടിച്ച യുവാവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഡോക്ടര്‍ ഇര്‍ഫാന്‍ ഖാന്‍ വ്യക്തമാക്കി. ഡോയൽ മുമ്പും മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ കേസുകളിൽ പ്രതിയാണ്.
ആശുപത്രിയിൽ എത്തിയ ഡോയൽ വനിതാ ജീവനക്കാരോട് അസഭ്യം പറയുകയും ബഹളം വയ്ക്കുകയും ചെയ്തു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. മദ്യപിച്ച് ബൈക്കോടിച്ചതിന് പിന്നാലെ അപകടം പറ്റുകയായിരുന്നു.
Read more
ബന്ധുക്കളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഇയാള്‍ ഡോക്ടറെ ആക്രമിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.