പുതുവത്സരം അധികം ആഘോഷിക്കേണ്ട, എല്ലാം രാത്രി പന്ത്രണ്ടര വരെ മതി; കര്‍ശന നിയന്ത്രണവുമായി പൊലീസ്

പുതുവത്സരാഘോഷത്തിലെ ലഹരി ഉപയോഗം തടയാനായി ഡിജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് കര്‍ശന മാര്‍ഗരേഖയുമായി പൊലീസ്. പുതുവര്‍ഷ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന മുഴുവനാളുകളുടേയും വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കാനും ആഘോഷങ്ങള്‍ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കാനും നിര്‍ദേശം നല്‍കും.

പുതുവത്സരാഘോഷം ലക്ഷ്യമിട്ട് കൊച്ചിയിലേക്ക് രാസലഹരിമരുന്നിന്റെ ഒഴുക്ക് തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 15 ലക്ഷം രൂപയുടെ എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. ഈ മാസം ക്രിസ്മസ് ദിനം വരെ നടത്തിയ പരിശോധനയില്‍ കൊച്ചി സിറ്റി പൊലീസ് പിടികൂടിയത് 300 ഗ്രാം എംഡിഎംഎയാണ്.

വാണിജ്യാടിസ്ഥാനത്തില്‍ ലഹരിമരുന്ന് ശേഖരിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിപ്പട്ടികയില്‍ പത്തൊമ്പതുകാരിയുള്‍പ്പെടെ 23 പേരാണ് ഉള്‍പ്പെട്ടിരുന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റു ജില്ലകളില്‍ നിന്നെത്തി കൊച്ചി നഗരത്തില്‍ മുറി വാടകയ്‌ക്കെടുത്ത് തങ്ങിയായിരുന്നു ലഹരിയിടപാടുകള്‍.

Read more

കഴിഞ്ഞ വര്‍ഷം 910 എന്‍ഡിപിഎസ് കേസുകള്‍ റജിസ്റ്റര്‍ ചെയ്ത സിറ്റി പൊലീസ് ഈ വര്‍ഷം ഇതുവരെ റജിസ്റ്റര്‍ ചെയ്തത് 2,707 കേസുകളാണ്. 3,214 പേര്‍ അറസ്റ്റിലായി. കേസുകളുടെ എണ്ണത്തിനൊപ്പം ലഹരിമരുന്നിന്റെ അളവിലും വര്‍ധനയുണ്ട്.