'എന്തെങ്കിലും നേട്ടത്തിന് വേണ്ടി ഒരു സമുദായത്തെ ഇരയാക്കരുത്'; കെടി ജലീലിന്റെ പ്രസ്താവന അപകടകരമെന്ന് മുസ്‌ലിം ലീഗ്

കെടി ജലീലിന്റെ പ്രസ്താവന നികൃഷ്ടവും അപകടകരവുമായയതെന്ന് മുസ്‌ലിം ലീഗ്. സമുദായത്തെ കുറ്റവാളിയാക്കുന്ന പ്രസ്താവനയാണ് കെ ടി ജലീൽ നടത്തിയതെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം വിമർശിച്ചു. ബിജെപി നേതാക്കൾ പോലും പറയാത്ത കാര്യമാണ് ജലീൽ പറയുന്നതെന്നും ഒരു സമുദായം മാത്രം സ്വർണ്ണം കടത്തുന്നുവെന്ന പ്രതീതി ഉണ്ടാക്കുന്നുവെന്നും പിഎംഎ സലാം പറഞ്ഞു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കെടി ജലീലിൻ്റെ മതവിധി പ്രസ്താവനക്കെതിരെയാണ് രൂക്ഷ വിമർശനവുമായി പിഎംഎ സലാം രംഗത്തെത്തിയത്. ജലീലിന്റെ പ്രസ്താവന ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളായി ചിത്രീകരിക്കുകയാണെന്നും ഈ പ്രസ്താവന സ്വന്തം നിലനിൽപ്പിന് വേണ്ടി മാത്രമുള്ളതാണെന്നും പിഎംഎ സലാം കുറ്റപ്പെടുത്തി.

എന്തെങ്കിലും നേട്ടത്തിന് വേണ്ടി ഒരു സമുദായത്തെ ഇരയാക്കരുതെന്നും. ഇതാണോ സിപിഎം നിലപാടെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കണമെന്നും പിഎംഎ സലാം ആവശ്യപ്പെട്ടു. പി വി അൻവർ നയം വ്യക്തമാക്കിയാൽ ആ കാര്യം യു.ഡി.എഫ് ചർച്ച ചെയ്യുമെന്നും യുഡിഎഫ് നിലപാടിനൊപ്പം ലീഗും നിൽക്കുമെന്നും പിഎംഎ സലാം പറഞ്ഞു. അതേസമയം അൻവറിന്റെ പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മഞ്ചേരിയിൽ നടക്കുന്ന പരിപാടിയിൽ മുസ്‌ലിം ലീഗ് നേതാക്കൾ ആരും പങ്കെടുക്കില്ലെന്നും പിഎംഎ സലാം പറഞ്ഞു.

Read more