ബോയിങ് വിമാനത്തിന് വിലക്കുമായി ചൈന; അമേരിക്കന്‍ ഓഹരി വിപണിയില്‍ കരടികള്‍ ഇറങ്ങി; ട്രംപിന് താക്കീതുമായി പുതിയ യുദ്ധപ്രഖ്യാപനവുമായി ചൈന സര്‍ക്കാര്‍

തങ്ങള്‍ക്കെതിരെ വന്‍ തീരുവ ചുമത്തി വ്യാപാര യുദ്ധം ആരംഭിച്ച അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നല്‍കി പുതിയ യുദ്ധപ്രഖ്യാപനവുമായി ചൈന. രാജ്യത്തെ വിമാനക്കമ്പനികള്‍ അമേരിക്കന്‍ കമ്പനിയായ ബോയിങ് നിര്‍മിക്കുന്ന വിമാനങ്ങള്‍ വാങ്ങരുതെന്ന് ചൈന സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കി.

വിമാനങ്ങള്‍ക്കു പുറമെ, വിമാനഭാഗങ്ങള്‍, ഘടകങ്ങള്‍ എന്നിവക്കും വിലക്കുണ്ട്. 2025-27 കാലയളവില്‍ ചൈനയിലെ എയര്‍ ചൈന, ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ്, ചൈന സതേണ്‍ എയര്‍ലൈന്‍സ് എന്നിവ ചേര്‍ന്ന് 179 ബോയിങ് വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതാണ്. പുതിയ തീരുമാനത്തോടെ ഈ കരാറുകളില്‍ നിന്നും പിന്‍വലിയേണ്ടിവരും

ചൈനയുടെ കടുത്ത തീരുമാനം അമേരിക്കന്‍ ഓഹരി വിപണിയില്‍ ബോയിങ്ങിന് കനത്തനഷ്ടമാണ് വരുത്തിയത്. ഓഹരി മൂല്യം മൂന്നു ശതമാനത്തിലേറെ ഇടിഞ്ഞു.

നേരത്തെ, യുഎസ് ഉത്പന്നങ്ങള്‍ക്കുമേല്‍ 125 ശതമാനം തീരുവ ചുമത്തുമെന്നു ചൈന പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിനു പിന്നാലെ യുഎസ് ഉത്പന്നങ്ങള്‍ക്കുമേല്‍ ചൈന ചുമത്തിയിരുന്ന 84 ശതമാനത്തില്‍നിന്നാണു കുത്തനെയുള്ള ഈ വര്‍ധന. നിലവില്‍ ചൈനയില്‍നിന്ന് യുഎസിലേക്കുള്ള ഇറക്കുമതിക്ക് 145 ശതമാനമാണ് തീരുവയെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു.

ചൈനീസ് ഉത്പന്നങ്ങള്‍ക്കു മുന്‍കൂട്ടി നിശ്ചയിച്ച തീരുവ 105 ശതമാനത്തില്‍നിന്ന് 125 ശതമാനമായി ഉയര്‍ത്തിയതായി ട്രംപ് കഴിഞ്ഞ ദിവസമാണു പ്രഖ്യാപിച്ചത്. എന്നാല്‍ നിലവില്‍ അമേരിക്കയിലേക്കുള്ള എല്ലാ ഇറക്കുമതിക്കും മുന്പു തീരുമാനിച്ച 20 ശതമാനംകൂടി ബാധകമാണെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.

ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയ അധികതീരുവ അമേരിക്ക മരവിപ്പിച്ചിട്ടുണ്ട്. ചൈനയ്ക്കു മേല്‍ മാത്രമാണു തീരുവ വര്‍ധന. അതേസമയം, തീരുവ വിഷയത്തില്‍ യുഎസുമായി ചര്‍ച്ചയ്ക്കു തയാറാണെന്നു ചൈന അറിയിച്ചിട്ടുണ്ട്.

ചൈനയ്ക്കുമേല്‍ യുഎസ് ചുമത്തുന്ന അസാധാരണമായ ഉയര്‍ന്ന തീരുവ, അന്താരാഷ്ട്ര വ്യാപാരനിയമങ്ങളുടെയും അടിസ്ഥാന സാമ്പത്തിക ചട്ടങ്ങളുടെയും സാമാന്യ യുക്തിയുടെയും ലംഘനമാണെന്നു ചൈനയുടെ സ്റ്റേറ്റ് കൗണ്‍സില്‍ താരിഫ് കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. യുഎസിന്റെ തീരുവ വര്‍ധനയ്‌ക്കെതിരേ ചൈന ലോക വ്യാപാര സംഘടനയെ സമീപിച്ചിട്ടുണ്ട്.

അമേരിക്കന്‍ നയത്തിനെതിരേ തങ്ങള്‍ക്കൊപ്പം ചേരാന്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിംഗ് യൂറോപ്യന്‍ യൂണിയന്റെ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു തീരുവ ഉയര്‍ത്തിക്കൊണ്ടുള്ള ചൈനയുടെ നീക്കം.