വി ശിവദാസന് വെനസ്വേല യാത്രക്കുള്ള അനുമതി നിഷേധിച്ചത് കേന്ദ്രത്തിന്റെ ഏകാധിപത്യ പ്രവണത; പ്രതിഷേധവുമായി ജനാധിപത്യ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്‌ഐ

വെനസ്വേല പാര്‍ലമെന്റ് കരാക്കസില്‍ സംഘടിപ്പിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വി ശിവദാസന്‍ എംപിക്ക് യാത്രാ അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ഡിവൈഎഫ്‌ഐ.

ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ മുന്നോറോളം എംപിമാര്‍ക്കാണ് വെനസ്വേല സര്‍ക്കാര്‍ നടത്തുന്ന പരിപാടിയിലേക്ക് ക്ഷണം ലഭിച്ചത്. ഇന്ത്യയും വെനസ്വേലയും ചേരിചേരാ പ്രസ്ഥാനത്തില്‍ അംഗങ്ങളാണ്. രണ്ട് രാജ്യങ്ങളും തമ്മില്‍ നല്ല ബന്ധം തുടര്‍ന്നു വരുന്നതും നിരവധി അന്താരാഷ്ട്ര ഫ്‌ലാറ്റ്‌ഫോമുകളില്‍ ഒരുമിച്ചു നില്‍ക്കുകയും ചെയ്യുന്ന രാജ്യങ്ങളാണ്.

ഇന്ത്യയിലെ പാര്‍ലമെന്റ് അംഗമായ വി ശിവദാസന് വെനസ്വേലയിലെ ഈ പരിപാടിയില്‍ പങ്കെടുത്ത് ഇന്ത്യയുടെ ശബ്ദമായി മാറാനും, പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രാതിനിത്യം ഉറപ്പു വരുത്താനും ഉള്ള അവസരം നിഷേധിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവണതയാണ് കാണിക്കുന്നത്.

ഇന്ത്യന്‍ ഭരണകൂടത്തിന്റെ വര്‍ഗ്ഗീയ- ഫാസിസ്റ്റ് സ്വഭാവം ഇത്തരം അന്താരാഷ്ട്ര വേദികളില്‍ തുറന്നു കാട്ടപ്പെടുമോ എന്ന ഭയമാണ് നരേന്ദ്രമോദി സര്‍ക്കാറിനുള്ളത്. ഇതിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും ഡിവൈഎഫ്‌ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.