കണ്ടല സഹകരണ ബാങ്കിലും ഇഡി റെയ്ഡ്; പുലർച്ചെ അഞ്ചരമണിക്ക് എത്തി മുൻ സെക്രട്ടറിമാരുടെ വീടുകളിൽ പരിശോധന

തിരുവനന്തപുരം കണ്ടല സർവീസ് ബാങ്കിലും ഇഡി പരിശോധന. ബാങ്കിലെ മുൻ സെക്രട്ടറിമാരുടെ വീടുകളിലാണ് ഇഡി പരിശോധന നടത്തുന്നത്. ഇന്ന് പുലർച്ചെ അഞ്ചരമണിയോടെയാണ് എറണാകുളത്ത് നിന്നെത്തിയ ഇഡി വീടുകളിൽ പരിശോധന നടത്തിയത്.

ബാങ്കിലെ മുൻ സെക്രട്ടറിമാരായ ശാന്തകുമാരി രാജേന്ദ്രൻ, മോഹന ചന്ദ്രൻ എന്നിവരുടെ വീട്ടിലും കളക്ഷൻ ഏജന്റ് അനിയുടെ വീട്ടിലുമാണ് ഇഡി പരിശോധന നടത്തുന്നത്. ബാങ്കിലെ മുൻ പ്രസിഡന്റും സിപിഎം നേതാവുമായ ഭാസുരംഗം അദ്ദേഹത്തിന്റെ മകൻ എന്നിവരുടെ വീട്ടിലും റെയ്ഡ് ആരംഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

കേന്ദ്ര സേനയുടെ സന്നിധ്യത്തിൽ കൂടിയാണ് റെയ്ഡ് നടന്നത്. 101 കോടിയുടെ ക്രമക്കേടുകൾ കണ്ടല ബാങ്കിൽ സംഭവിച്ചിട്ടുണ്ടെന്ന് സഹകരണ രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതിന്റെ പിന്നാലെയാണ് ഇഡി റെയ്ഡ് നടക്കുന്നത്.