പാതിവില തട്ടിപ്പ് കേസ്; ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

അനന്തു കൃഷ്ണൻ മുഖ്യ പ്രതിയായ പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. പാതിവില തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയാണ് ആനന്ദകുമാര്‍.

തട്ടിപ്പിൽ ആനന്ദ കുമാറിന് നിർണായ പങ്കുണ്ടെന്നാണ് ഒന്നാം പ്രതി അനന്തു കൃഷ്ണന്റെ മൊഴി. സിഎസ്ആര്‍ ഫണ്ട് വാങ്ങാനായി രൂപീകരിച്ച കോണ്‍ഫഡറേഷൻ ഓഫ് എൻജിഒ എന്ന സംഘടനയുടെ പ്രസിഡൻ്റെന്ന നിലയിൽ ആനന്ദ് കുമാറിനെ എല്ലാ മാസവും പ്രതിഫലവും ലഭിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം കേസിൽ നേരത്തെ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ആനന്ദകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. കസ്റ്റഡിയിലെടുത്തെങ്കിലും ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആനന്ദകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സായ് ഗ്രാമിന്‍റെ അക്കൗണ്ടിലേക്ക് വന്നിട്ടുള്ള പണം വിവിധ സംഘടനകളും വ്യക്തികളും സഹായിച്ചതാണെന്നും തട്ടിപ്പ് പണമല്ലെന്നുമായിരുന്നു മുൻകൂർ ജാമ്യാപേക്ഷയിൽ ആനന്ദ കുമാർ വാദിച്ചത്.