തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നടത്തിവന്ന പരിശോധന പൂർത്തിയായി. ബാങ്കിലെ ക്രമക്കേടുകൾ കണ്ടെത്താനാണ് ഇഡി മാരത്തോൺ പരിശോധനയുമായെത്തിയത്. ബുധനാഴ്ച രാവിലെ ആറിന് തുടങ്ങിയ പരിശോധന 44 മണിക്കൂർ പിന്നിട്ട് ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അവസാനിച്ചത്.
ക്രമക്കേടുമായി ബന്ധപ്പെട്ട് നിരവധി രേഖകൾ ഇഡി പിടിച്ചെടുത്തതായാണ് സൂചന. ഏതാനും കമ്പ്യൂട്ടറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവിൽ മുൻ പ്രസിഡന്റ് ഭാസുരാംഗനെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. ഭാസുരാങ്കൻ പ്രസിഡന്റായിരുന്ന രണ്ട് പതിറ്റാണ്ടോളം കാലത്തെ ഇടപാടുകളാണ് പരിശോധിക്കുന്നത്. ചട്ടവിരുദ്ധമായി നൽകിയ വായ്പകളുടെ പഴയ രേഖകൾ നശിപ്പിച്ച് പകരം പുതിയ രേഖകൾ വ്യാജമായി ചമച്ചതായി ആരോപണമുണ്ട്. ഭാസുരാങ്കനും മകൻ അഖിൽജിത്തും നിരീക്ഷണത്തിൽ തുടരുകയാണ്.
ഭാസുരാംഗൻ കിംസിൽ ചികിത്സയിൽ കഴിയുകയാണ്. കണ്ടല സഹകരണ ബാങ്കിന്റെ ബ്രാഞ്ചായ മാറനല്ലൂരിലെ ബ്രാഞ്ചിൽ വെച്ച് ചോദ്യം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഭാസുരാംഗനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പിന്നീടാണ് അപ്രതീക്ഷിതമായി ഭാസുരാംഗന്റെ മകനെ കിംസ് ആശുപത്രിയിലെത്തിച്ചത്. നേരത്തെ കണ്ടല സഹകരണ ബാങ്കിലെ ജീവനക്കാർക്കൊപ്പമിരുത്തിയാണ് അഖിൽജിത്തിനെ ചോദ്യം ചെയ്തത്.
Read more
ചികിത്സ പൂർത്തിയാക്കിയ ശേഷം ഇരുവരുടെയും കസ്റ്റഡിയിൽ അന്തിമ തീരുമാനമുണ്ടാകും. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കിൽ കണ്ടെത്തിയത്. നിലവിൽ അഡ്മിനിസട്രേറ്റീവ് ഭരണമാണ് നടക്കുന്നത്. ക്രമക്കേടിൽ ഇഡി നേരത്തെ സഹകരണവകുപ്പിന്റെ പരിശോധനാ റിപ്പോർട്ട് വാങ്ങിയിരുന്നു.