കരുവന്നൂര്‍ തട്ടിപ്പ്; തൃശൂരിലെയും കൊച്ചിയിലെയും ബാങ്കുകളിൽ ഇഡി റെയ്ഡ്, 9 കേന്ദ്രങ്ങളിൽ സായുധ സേനയുമായി പരിശോധന

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണം തുടരുന്നതിനിടെ കൂടുതല്‍ ബാങ്കുകളില്‍ ഇന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. തൃശൂർ സര്‍വീസ് സഹകരണ ബാങ്ക്, അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക് ഉള്‍പ്പടെ ഒമ്പതു ബാങ്കുകളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥർക്കൊപ്പം സായുധ സേനാംഗങ്ങളുമുണ്ട്. ഇന്ന് രാവിലെ ഇഡിയുടെ നാല്‍പ്പതംഗ സംഘം കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളിലെ ബാങ്കുകളിലെത്തി ഒരേസമയം പരിശോധന ആരംഭിക്കുകയായിരുന്നു.

കരുവന്നൂര്‍ സഹകരണ ബാങ്കിൽ പി സതീഷ് കുമാർ നടത്തിയ കള്ളപ്പണ ഇടപാടുകളെപ്പറ്റി ആരംഭിച്ച അന്വേഷണമാണ് ഇപ്പോൾ കൂടുതൽ ബാങ്കുകളിലേക്ക് നീളുന്നത്. തട്ടിപ്പ് നടത്തി ലഭിച്ച പണം മറ്റ് സഹകരണ ബാങ്കുകള്‍ ഉപയോഗിച്ച് വെളുപ്പിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. പി സതീഷ് കുമാറിന്റെ ബിനാമികളുടെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. അയ്യന്തോള്‍ സഹകരണ ബാങ്കുവഴി മാത്രം ഒന്നരക്കോടിയോളം രൂപയുടെ ഇടപാട് നടന്നെന്നാണ് ഇഡിക്ക് കേസിലെ പ്രധാന പ്രതിയായ സതീഷ്‌കുമാര്‍ നല്‍കിയ മൊഴി.

സിപിഎം നേതാവ് എംകെ കണ്ണൻ പ്രസിഡന്റായ ബാങ്കാണ് തൃശൂർ സർവീസ് സഹകരണ ബാങ്ക്. കേരള ബാങ്കിന്റെ വൈസ് പ്രസിഡന്റ് കൂടിയായ കണ്ണന്റെ സാന്നിധ്യത്തിലാണ് ഇഡി റെയ്ഡെന്നാണ് വിവരം. കരുവന്നൂർ ബാങ്കിലെത്തിച്ചു വെളുപ്പിച്ച കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് അടക്കം തൃശൂർ ജില്ലയിലെ 4 സഹകരണ ബാങ്കുകൾ വഴി പുറത്തേക്കു കടത്തിയെന്ന് ഇഡി കണ്ടെത്തിയിരുന്നു.

Read more

അയ്യന്തോൾ അടക്കം സിപിഎം ഭരിക്കുന്ന പത്തോളം സഹകരണ ബാങ്കുകളിലൂടെ കരുവന്നൂർ മോഡലിൽ സതീഷ് കള്ളപ്പണ ഇടപാടുകൾ നടത്തിയെന്നാണു വിവരം. ബാങ്കുകളിലെ രേഖകളും, ഇടപാടുകളുടെ വിവരങ്ങളും ഇഡി സംഘം പരിശോധിക്കും. ഏതെങ്കിലും വിവരങ്ങള്‍ നശിപ്പിച്ചു കളഞ്ഞിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ആധാരം എഴുത്തുകാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നാളെ മുന്‍മന്ത്രി എസി മൊയ്തീനെ ചോദ്യം ചെയ്യാനിരിക്കെയാണ് ഇഡിയുടെ വ്യാപക പരിശോധന.