യുവതിയുടെ പരാതി സിനിമാക്കഥപോലെ; ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമോ?, എല്‍ദോസിന്റെ കേസില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കേസില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. പീഡന പരാതിയിലെ ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമാണോ?. യുവതി നല്‍കിയ ആദ്യപരാതിയില്‍ ലൈംഗിക പീഡനം ഉണ്ടായിരുന്നോയെന്നും ഹൈക്കോടതി ആരാഞ്ഞു. പരാതി വായിച്ചപ്പോള്‍ സിനിമാക്കഥപോലെ തോന്നിയെന്നും ഹൈക്കോടതി ഇന്നു പറഞ്ഞു.

പീഡന പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ ചോദിച്ചത്. പരാതിക്കാരി കോടതി മുറിയില്‍ നില്‍ക്കവേയാണ് ഈ സംശയങ്ങള്‍ ഹൈക്കോടതി ഉന്നയിച്ചത്.
ആദ്യം നല്‍കിയ പരാതിയില്‍ പീഡനപരാതിയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. പരാതി വായിക്കുമ്പോള്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണെന്നാണ് തോന്നുന്നതെന്നും കോടതി നിരീക്ഷിച്ചു.

Read more

ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്നും ഹൈക്കോടതി പറഞ്ഞു. വധശ്രമം ചുമത്തിയ വകുപ്പ് എങ്ങനെ കേസില്‍ നിലനില്‍ക്കുമെന്നും കോടതി ചോദിച്ചു. എം.എല്‍.എ. കേസുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് പ്രതിയുടെ ഭാഗംകൂടി നാളെ കേട്ടതിന് ശേഷം ജാമ്യത്തില്‍ തീരുമാനം എടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.