ജീവനക്കാരുടെ എതിര്‍പ്പ്: സെക്രട്ടേറിയറ്റിലെ പഞ്ചിംഗ് ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു

സെക്രട്ടേറിയറ്റില്‍ ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം ബയോ മെട്രിക്ക് പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ജീവനക്കാരുടെ കടുത്ത എതിര്‍പ്പിനെതുടര്‍ന്നാണ് നടപടി.

പഞ്ച് ചെയ്ത് ഓഫീസില്‍ കയറുന്ന ജീവനക്കാര്‍ സ്വന്തം ഇരിപ്പിടം വിട്ട് കറങ്ങി നടക്കുന്നെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതോടെ സെക്രട്ടേറിയറ്റിലെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും, ജീവനക്കാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുമായി ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം നടപ്പാക്കാന്‍ തീരുമാനിച്ചു. ഇതിലൂടെ ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ കൈവശമുള്ള ആക്സസ് കാര്‍ഡ് ഉപയോഗിച്ചാല്‍ മാത്രമേ ഓഫീസിന് അകത്തേക്കും പുറത്തേക്കും കടക്കാനാവൂ.

എല്ലാ സംഘടനകളുടെയും കടുത്ത എതിര്‍പ്പ് മറികടന്ന് ഇന്ന് മുതല്‍ രണ്ട് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനും, അത് കഴിഞ്ഞ് ആക്സസ് കണ്‍ട്രോള്‍ ബയോ മെട്രിക്കുമായി ബന്ധിപ്പിക്കാനും പൊതുഭരണ സെക്രട്ടറി ഈ മാസം 18ന് ഉത്തരവിറക്കി. സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ സംഘടനകള്‍ ഉയര്‍ത്തിയ എതിര്‍പ്പുകള്‍ അവഗണിച്ചാണ് പുതിയ പരിഷ്‌കാരം നടപ്പാക്കാന്‍ തീരുമാനിച്ചത്.

Read more

എന്നാല്‍ ജീവനക്കാര്‍ എതിര്‍പ്പ് ശക്തമാക്കിയതിനെതുടര്‍ന്ന് ഉത്തരവ് ഭേദഗതി ചെയ്തു.ബയോ മെട്രിക് പഞ്ചിംഗുമായി ബന്ധിപ്പിക്കുമെന്ന ആദ്യ ഉത്തരവിലെ പരാമര്‍ശം നീക്കി. രണ്ട് മാസത്തെ പ്രവര്‍ത്തനത്തിന് ശേഷം ലഭിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രം തുടര്‍ തീരുമാനമെന്നാണ് ഭേദഗതി.