സിപിഎം നേതാവ് ഇ പി ജയരാജന്റെ വിവാദമായ ആത്മകഥാ കേസിൽ ഡിസി ബുക്സ് പബ്ലിക്കേഷൻ വിഭാഗം മേധാവി എ വി ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോട്ടയം ഈസ്റ്റ് പൊലീസാണ് ശ്രീകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായ എ വി ശ്രീകുമാറിനെ പിന്നീട്ട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ആത്മകഥാ ഭാഗങ്ങൾ ശ്രീകുമാറിൽ നിന്നാണ് ചോർന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നുള്ള നടപടികളുടെ ഭാഗമായാണ് അറസ്റ്റ്. എന്നാൽ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ ശ്രീകുമാറിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിയുന്നു.
അതേസമയം ഇ പി ജയരാജന്റെ ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന ആത്മകഥയിലെ ചില ഭാഗങ്ങൾ ചോർന്ന സംഭവത്തിൽ കേസെടുക്കാന്‍ എഡിജിപി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. പുതിയ പരാതി വേണ്ടെന്നും നിലവിലെ പരാതിയിൽ കേസെടുക്കാമെന്നുമാണ് നിർദ്ദേശിച്ചത്. കോട്ടയം എസ്പി എ.ഷാഹുൽ ഹമീദിനാണ് നിർദേശം നൽകിയത്. തുടർന്നാണ് കേസിൽ എ വി ശ്രീകുമാറിനെ പ്രതി ചേർത്ത് ക്യാസ്ഡ് എടുത്തത്.
ഡിസിയുടെ പബ്ലിക്കേഷൻസ് വിഭാഗം മേധാവി ശ്രീകുമാറിന്റെ ഇമെയിലിൽ നിന്നാണ് ആത്മകഥയുടെ ഉള്ളടക്കമെന്ന നിലയിൽ ചിലഭാഗങ്ങൾ ചോർന്നതെന്ന പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു നിർദ്ദേശം. വഞ്ചനാകുറ്റത്തിന് ശ്രീകുമാറിനെതിരെ കേസെടുത്തിരുന്നു. വിശ്വാസ വഞ്ചനാ കുറ്റവും ഡിജിറ്റൽ കോപ്പി പുറത്തുവിട്ടതുമായി ബന്ധപ്പെട്ട ഐ.ടി ആക്‌ടും ചുമത്തി.