അമേരിക്ക ഇനി കൊടിയ ദുഷ്പ്രഭുത്വത്തിന്റെ കെട്ടനാളുകളിലേക്കെന്ന മുന്നറിയിപ്പുമായ വൈറ്റ് ഹൗസിന്റെ പടിയിറങ്ങുകയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പണ്ട് ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപിന്റെ തിരിച്ചുവരവില്‍ അമേരിക്കക്കാരെയെല്ലാം ജാഗരൂകരാക്കാനുള്ള ശ്രമത്തിലാണ്. ബൂര്‍ഷ്വാ കാലത്തിന്റെ ഏറ്റവും ഭീകരമായ തരത്തില്‍ ക്യാപിറ്റലിസ്റ്റ് ഭരണ കാലഘട്ടത്തിന് വിധേയരാകാന്‍ കരുതലോടെ ഇരിക്കണമെന്നാണ് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് പറഞ്ഞത്. ഏതാനും സമ്പന്നര്‍ക്കിടയില്‍ അപകടകരമായ അധികാര കേന്ദ്രീകരണമാണ് യുഎസ് ഇനി കാണാന്‍ പോകുന്നതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആ ഒലിഗാര്‍കിയെ ആ പ്രഭുവാഴ്ചയെ കുറിച്ച് അമേരിക്കക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ജോ ബൈഡന്‍ വിടവാങ്ങല്‍ പ്രസംഗം പൂര്‍ത്തിയാക്കുമ്പോള്‍ ജനുവരി 20ന് ട്രംപിന്റെ രണ്ടാം അങ്കം വൈറ്റ് ഹൗസില്‍ തുടങ്ങും.
ഡെമോക്രാറ്റുകള്‍ അടപടലം പോപ്പുലിസ്റ്റുകള്‍ക്ക് മുമ്പില്‍ വീണ തിരഞ്ഞെടുപ്പ് ഒരു പറ്റം പ്രഭുക്കളെയാണ് അമേരിക്കയുടെ ഭരണനിയന്ത്രണം ഏല്‍പ്പിച്ചിരുക്കുന്നത്. രാജ്യത്തിന്റെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കാനിരിക്കെ മേക്ക് അമേരിക്കന്‍ ഗ്രേറ്റ് എഗെയ്ന്‍ ക്യാമ്പെയ്‌നിന്റെ കൊയ്ത്തുകാലമായിരിക്കും അമേരിക്കയില്‍. അതി ദേശീയതയും സ്വദേശിവല്‍ക്കരണവും ആറാടിയ തിരഞ്ഞെടുപ്പിന്റെ ബാക്കി പത്രം എന്താവുമെന്ന ചോദ്യം വരും നാല് വര്‍ഷം കൊണ്ട് മാത്രം വെളിവാകേണ്ടതാണ്.
അമേരിക്കയിലെ അതിസമ്പന്നരായ ഏതാനും ആളുകളുടെ കൈകളിലേയ്ക്ക് ‘അപകടകരമായ അധികാരകേന്ദ്രീകരണം’ സംഭവിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന് ജോ ബൈഡന്‍ ആവര്‍ത്തിക്കുന്നത് ട്രംപും ട്രംപിന്റെ ഫ്രണ്ട് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്‍ ഇലോണ്‍ മസ്‌കുമെല്ലാം ചേര്‍ന്ന് നടത്താന്‍ പോകുന്ന ഭരണം മുന്നില്‍ കണ്ടാണ്. യാത്രയയപ്പ് ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ വരാനിരിക്കുന്ന പ്രഭുക്കന്മാരുടെ അധികാരദുര്‍വിനിയോഗമാണ് ബൈഡന്‍ മുന്നറിയിപ്പായി അമേരിക്കകാരെ ഓര്‍മ്മിപ്പിച്ചുന്നത്. നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ രാജ്യം ആ പ്രഭുവര്‍ഗത്തിന്റെ വ്യക്തി താല്‍പര്യങ്ങളില്‍ അപകടകരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് പറയുന്നു. ഈ ഭീഷണയില്‍ നിന്ന് രക്ഷനേടാന്‍ സ്വയം ജാഗരൂകരാകൂവെന്നും സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജനങ്ങളോട് പറയുന്നുണ്ട്.
ഇന്ന്, അമേരിക്കയില്‍ അതിരുകടന്ന സമ്പത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്തിന്റെയും ഒരു പ്രഭുവര്‍ഗ്ഗം രൂപപ്പെട്ടുവരുന്നു. അത് നമ്മുടെ മുഴുവന്‍ ജനാധിപത്യത്തെയും നമ്മുടെ അടിസ്ഥാന അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും അക്ഷരാര്‍ത്ഥത്തില്‍ ഭീഷണിപ്പെടുത്തുന്ന ഒന്നാണ്. എല്ലാവര്‍ക്കും അര്‍ഹിക്കുന്ന രീതിയില്‍ മുന്നോട്ട് പോകാനുള്ള ന്യായമായ അവകാശത്തേയും ചോദ്യം ചെയ്യുന്നതാണ്.
ഡൊണാള്‍ഡ് ട്രംപിന്റെ കീഴില്‍ ഭാവിയില്‍ പ്രഭുക്കന്മാരില്‍ നിന്നുള്ള ഭീഷണികളും തെറ്റായ വിവരങ്ങളുണ്ടാക്കുന്ന പൊല്ലാപ്പും എഐ സാങ്കേതികതയില്‍ നിന്നുള്ള ഭീഷണികളും ഉണ്ടാവും. അതിനാല്‍ നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനും ജനാധിപത്യം കാത്തുസൂക്ഷിക്കാനും ജാഗ്രത പാലിക്കണമെന്ന് പറഞ്ഞാണ് അടുത്തയാഴ്ച സ്ഥാനമൊഴിയുന്നതിന് മുന്നോടിയായുള്ള ജോ ബൈഡന്റെ ബുധനാഴ്ചത്തെ വിടവാങ്ങല്‍ പ്രസംഗം.
പ്രഭുവര്‍ഗത്തിന്റെ കയ്യില്‍ അധികാരം കൂടി വേരുറപ്പിക്കുമ്പോള്‍ അമേരിക്കക്കാരുടെ അവകാശങ്ങളെയും ജനാധിപത്യത്തിന്റെ ഭാവിയെയും അപകടത്തിലാക്കുന്ന ഒരു ‘ടെക്-ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സ്’ സൃഷ്ടിക്കപ്പെടുകയാണ്. അമേരിക്കയുടെ 34-ാമത് പ്രസിഡന്റ് ആയിരുന്ന ഡൈ്വറ്റ് ഐസന്‍ഹോവര്‍ 1961-ല്‍ വിരമിക്കവെ മിലിറ്ററി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സിനെ കുറിച്ച് ഓര്‍മ്മിപ്പിച്ചാണ് ജോ ബൈഡന്റെ ടെക് ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സ് പരാമര്‍ശം. നിയന്ത്രണാതീതമായ സൈനിക-വ്യാവസായിക സങ്കീര്‍ണതയുടെ അപകടത്തെ കുറിച്ച് മുന്‍ പ്രസിഡന്റ് ഡൈ്വറ്റ് ഐസന്‍ഹോവര്‍ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേപോലെ ഒരു സാങ്കേതിക വ്യാവസായിക കോംപ്ലക്‌സ് രാജ്യത്തെ ഭൂരിഭാഗം വരുന്ന മധ്യവര്‍ഗത്തെ പ്രശ്‌നത്തിലാക്കുമെന്നാണ് ബെഡന്റ് കണക്കുകൂട്ടല്‍.
സ്പേസ്എക്സ്, ടെസ്ല എന്നിവയുടെ മേധാവിയായ ഇലോണ്‍ മസ്‌ക് എന്ന ലോക കോടീശ്വരന്‍ അടക്കം ട്രംപിന്റെ ഭരണത്തിന്റെ കയ്യാളാണ്. സോഷ്യല്‍ മീഡിയ അടക്കം നിയന്ത്രിക്കുന്ന മസ്‌ക് അടക്കം കോടികളെറിഞ്ഞാണ് മഗാ ക്യാമ്പിലൂടെ ട്രംപിന്റെ രണ്ടാംവരവ് സാധ്യമാക്കിയത്. രാജ്യത്ത് തെറ്റായ വിവരങ്ങള്‍ കുമിഞ്ഞുകൂടുകയും മാധ്യമങ്ങളടക്കം വ്യാജപ്രചാരണങ്ങളില്‍ മൂടുകയും ചെയ്യപ്പെട്ട കാലം അമേരിക്കയെ ദുര്‍ബലപ്പെടുത്തിയെന്ന് ബൈഡന്‍ അര്‍ദ്ധശങ്കയ്ക്ക് ഇടയില്ലാതെ പറയുന്നു.
അമേരിക്കക്കാര്‍ തെറ്റായ വിവരങ്ങളുടെയും വ്യാജ പ്രചാരണങ്ങളുടേയും ചുഴിയില്‍ അകപ്പെട്ടിരിക്കുന്നു. അധികാര ദുര്‍വിനിയോഗം ഇതെല്ലാം സാധ്യമാക്കുന്നു.’സ്വതന്ത്ര മാധ്യമങ്ങള്‍ തകരുകയാണ്, എഡിറ്റര്‍മാര്‍ അപ്രത്യക്ഷരാകുന്നു.
സോഷ്യല്‍ മീഡിയ വസ്തുതാ പരിശോധന ഉപേക്ഷിക്കുകയാണെന്ന് കൂടി ജോ ബൈഡന്‍ ആശങ്കപ്പെടുന്നു. ‘അധികാരത്തിനും ലാഭത്തിനും വേണ്ടി പറയുന്ന നുണകളാല്‍ സത്യം അടിച്ചമര്‍ത്തപ്പെടുന്നു. നമ്മുടെ ജനാധിപത്യത്തെ ദുരുപയോഗിക്കാന്‍ ഇറങ്ങുന്ന ശക്തിയില്‍ നിന്ന് നമ്മുടെ കുട്ടികളെയും കുടുംബങ്ങളെയും സംരക്ഷിക്കാന്‍ സോഷ്യല്‍ പ്ലാറ്റ്ഫോമുകളെ ഉത്തരവാദിത്തത്തോടെ നിര്‍ത്തപ്പെടേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമാണെന്ന് കൂടി ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ നിന്ന് ഇറങ്ങും മുമ്പ് പറഞ്ഞുവെയ്ക്കുന്നുണ്ട്.