വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കു കാരണം മൂന്നുപേരോടുള്ള അമിത സ്‌നേഹവും മറ്റു മൂന്നുപേരോടുള്ള അടങ്ങാത്ത പകയുമെന്ന് പ്രതി അഫാന്റെ മൊഴി. കടം കാരണം ജീവിക്കാനാവാതെ വന്നതോടെയാണ് മാതാവിനെയും സഹോദരനെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തി ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് അഫാന്റെ മൊഴി.
കടുത്ത പ്രതിസന്ധിയിലും ആഭരണമോ പണമോ നൽകി സഹായിച്ചില്ലെന്നതായിരുന്നു മുത്തശ്ശി സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ എന്നിവരോടുള്ള പകയ്ക്ക് കാരണം. പണം കടംവാങ്ങി ധൂർത്തടിക്കുന്നുവെന്ന പേരിൽ ലത്തീഫ് വഴക്ക് പറയുകയും ഉപദേശിക്കുകയും ചെയ്തു. ഒന്നരലക്ഷം രൂപ ലത്തീഫ് മുൻപ് നൽകിയിരുന്നു. കൂടുതൽ പണം ചോദിച്ചെങ്കിലും നൽകിയില്ല.
Read more
ഇതൊക്കെയാണ് ലത്തീഫിനോട് കടുത്ത വിരോധമുണ്ടാകാൻ കാരണം. കടക്കാരുടെ ശല്യം രൂക്ഷമായതോടെ എന്തു ചെയ്യണമെന്നറിയാത്ത നിലയിലായിരുന്നു. മാതാവിന്റെ ചികിത്സയ്ക്കുപോലും പണമില്ല. മാതാവിനെയും അനുജനെയും ഒറ്റയ്ക്കാക്കാനുള്ള മനസുവന്നില്ല. താൻ ഇല്ലാതെ ഫർസാനയും ജീവിക്കേണ്ട എന്നതായിരുന്നു പെൺസുഹൃത്തിനെ കൊലപ്പെടുത്താനുള്ള കാരണം. ഫർസാന അനാഥയാവുമെന്നായിരുന്നു അഫാന്റെ വാദം.