ക്വാറിയില്‍ സ്‌ഫോടക വസ്തുക്കള്‍; ഭൂവുടമയെ ഭീഷണിപ്പെടുത്തി 18 ലക്ഷം വാങ്ങി പൊലീസ്; വളാഞ്ചേരി സിഐയ്ക്കും എസ്‌ഐയ്ക്കുമെതിരെ കേസെടുത്തു

ക്വാറിയില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതിന് പിന്നാലെ ഭൂവുടമയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ മലപ്പുറം വളാഞ്ചേരി സിഐയ്ക്കും എസ്‌ഐയ്ക്കും എതിരെ കേസെടുത്ത് പൊലീസ്. വളാഞ്ചേരി സിഐ സുനില്‍ദാസ്, എസ്‌ഐ ബിന്ദുലാല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ക്വാറിയില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത സംഭവത്തില്‍ ഭൂവുടമയെ ഭീഷണിപ്പെടുത്തി ഇരുവരും 18 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് തിരൂര്‍ ഡിവൈഎസ്പി കേസെടുത്തത്. മാസങ്ങള്‍ക്ക് മുന്‍പ് ക്വാറിയില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതിന് പിന്നാലെ ഭൂവുടമയ്‌ക്കെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പണം തട്ടിയത്.

ഇടനിലക്കാരന്റെ സഹായത്തോടെ 22 ലക്ഷം രൂപയാണ് ഭൂവുടമയില്‍ നിന്ന് തട്ടിയെടുത്തത്. തുടര്‍ന്ന് പത്ത് ലക്ഷം രൂപ എസ്‌ഐ ബിന്ദുലാലും എട്ട് ലക്ഷം രൂപ സിഐ സുനില്‍ദാസും കൈക്കലാക്കി. ബാക്കി നാല് ലക്ഷം രൂപ തട്ടിയെടുത്തത് ഇടനിലക്കാരനായിരുന്നു. തിരൂര്‍ ഡിവൈഎസ്പി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവ് ലഭിച്ചിരുന്നു.

Read more

ഇതേ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേസില്‍ ഇരുവരുടെയും അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. കഴിഞ്ഞ ദിവസം അങ്കമാലിയില്‍ ഗുണ്ടയുടെ വിരുന്ന് സല്‍ക്കാരത്തില്‍ ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത സംഭവം വലിയ വിവാദമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വളാഞ്ചേരിയില്‍ നിന്നുള്ള വാര്‍ത്ത പുറത്തുവരുന്നത്.