സിപിഎമ്മിന്റെ പത്ര പരസ്യത്തിലുള്ള ഫേസ്‌ബുക്ക് പോസ്റ്റുകള്‍ പലതും വ്യാജം; നിയമ നടപടി സ്വീകരിക്കുമെന്ന് സന്ദീപ് വാര്യര്‍

സിപിഎം നൽകിയ പത്ര പരസ്യത്തിലുള്ള തന്‍റെ പേരിലുള്ള ഫേസ്‌ബുക്ക് പോസ്റ്റുകള്‍ പലതും വ്യാജമാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും സന്ദീപ് വാര്യര്‍. പത്ര പരസ്യങ്ങളിൽ വന്ന പല പോസ്റ്റുകളും വ്യാജമാണ്. സിപിഎം കൃത്രിമമായി നിർമ്മിച്ചതാണ് തന്റെ പേരിലുള്ള പോസ്റ്റുകളെന്നും വർഗീയ വിഭജനം ലക്ഷ്യമിട്ട് സിപിഎം നൽകിയ പരസ്യമാണിതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

രണ്ട് പത്രങ്ങള്‍ മാത്രം ഇതിനായി തിരഞ്ഞെടുത്തത് തന്നെ അതിന്‍റെ ഭാഗമാണ്. ബിജെപിയെ പോലെ സിപിഎമ്മും വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ഇതിനെതിരെ പാർട്ടിയുമായി ആലോചിച്ച് പരാതി നൽകുമെന്നും സന്ദീപ് പറഞ്ഞു. അതേസമയം, സന്ദീപിന്‍റെ പോസ്റ്റുകള്‍ തന്നെയാണ് പരസ്യത്തിലുള്ളതെന്നും അല്ലെന്ന് തെളിയിക്കട്ടെയെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു പറഞ്ഞു. ഞങ്ങള്‍ എന്ത് പരസ്യം കൊടുക്കണമെന്ന് ഞങ്ങളാണ് തീരുമാനിക്കുന്നതെന്നും ഇഎൻ സുരേഷ് ബാബു പറഞ്ഞു.

സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ സരിന് വോട്ടഭ്യര്‍ത്ഥിച്ചുള്ള പരസ്യത്തിലാണ് സന്ദീപ് വാര്യരുടെ മുൻകാല ഫേസ്‌ബുക്ക് പോസ്റ്റുകളുടെ സ്ക്രീൻഷോട്ട് ചേര്‍ത്തുകൊണ്ട് സിപിഎം പരസ്യം നൽകിയത്. മുസ്ലീങ്ങള്‍ക്കെതിരെയുള്ള സ്നാദീപിന്റെ പഴയ പ്രസ്താവനകളും ഫേസ്ബുക്ക് പോസ്റ്റുകളും ചേര്‍ത്ത് അഡ്വറ്റോറിയല്‍ ശൈലിയിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. വാര്‍ത്ത ശൈലിയിലുള്ള ഇത്തരം പരസ്യങ്ങള്‍ സാധാരണക്കാര്‍ പത്രത്തിലെ വാര്‍ത്തയും നിലപാടുമായാണ് കണക്കാക്കുക. ഇങ്ങനെ തെറ്റിദ്ധരിപ്പിക്കാന്‍ തന്നെയാണ് അഡ്വറ്റോറിയല്‍ ശൈലി സിപിഎം സ്വീകരിച്ചിരിക്കുന്നത്.

സുപ്രഭാതം, സിറാജ് പത്രങ്ങളിൽ വന്നത് വസ്തുതയാണെന്ന് ഡോ. പി സരിൻ പ്രതികരിച്ചു. വിമർശനം ആർക്കും ഉന്നയിക്കാം, പക്ഷേ സത്യം ജനങ്ങൾക്ക് മനസിലാവും. സന്ദീപിനെതിരായ പത്ര പരസ്യം വ്യക്തിപരമല്ലെന്നും വാര്‍ത്തകളെല്ലാം വാസ്തവമാണെന്നും പി സരിൻ പറഞ്ഞു. അതേസമയം, പത്ര പരസ്യത്തിൽ സന്ദീപിന് പിന്തുണയുമായി വികെ ശ്രീകണ്ഠൻ എംപി രംഗത്തെത്തി. വ്യാജ പരസ്യങ്ങളിൽ വീഴുന്നവർ അല്ല പാലക്കാട്ടെ വോട്ടർമാരെന്നും ജനം പുച്ഛിച്ചു തള്ളുമെന്നും വികെ ശ്രീകണ്ഠൻ എംപി പറഞ്ഞു.

സന്ദീപ് ആർഎസ്എസ് പശ്ചാത്തലം ഉള്ള ആൾ എന്ന് അറിയാത്തവർ ആരാണുള്ളത്. സന്ദീപ് കൊലക്കേസ് പ്രതിയല്ല. ഒകെ വാസു ഉൾപ്പടെ ഉള്ളവർ സിപിഎമ്മിലേക്ക് ചേർന്നത് ബിജെപിയിൽ നിന്നാണ്. സിപിഎം തല മറന്ന് എണ്ണ തേയ്ക്കുകയാണ്. സന്ദീപിന്‍റെ നിലപാട് എല്ലാവർക്കും അറിയാം. സന്ദീപ് രഹസ്യമായി തലയിൽ മുണ്ടിട്ടു വന്നതല്ല.

Read more

സീറ്റ് കിട്ടാത്തതിന് തലയിൽ മുണ്ടിട്ടു പോയ സരിനെ പോലെയല്ല സന്ദീപ് വന്നത്. സീറ്റ് കിട്ടാതെ പിണങ്ങി പോന്നതല്ല. ബിജെപിയെ തള്ളിപ്പറഞ്ഞ് വന്നതാണ്. ബിജെപിക്ക് ഒപ്പം ചേർന്ന് വിദ്വേഷം പരത്തുകയാണെങ്കിൽ വലിയ വില ബിജെപിയും സിപിഎമ്മും പാലക്കാട്ട് ഉപതിരഞ്ഞെടുപ്പിൽ നൽകേണ്ടി വരുമെന്നും വികെ ശ്രീകണ്ഠൻ എംപി പറഞ്ഞു.