പൊലീസ് സ്റ്റേഷനില്‍ തമ്മിലടി; എ.എസ്.ഐക്കും, വനിത പൊലീസിനും സസ്‌പെന്‍ഷന്‍

കോട്ടയത്ത് പൊലീസ് സ്റ്റേഷനില്‍ പരസ്പരം ആക്രമിച്ച പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കോട്ടയം പള്ളിക്കത്തോട് സ്റ്റേഷനിലെ എ.എസ്.ഐ സി.ജി സജികുമാര്‍, വനിത പൊലീസ് ഉദ്യോഗസ്ഥ വിദ്യാരാജന്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പ് തല നടപടി. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്തയാണ് നടപടിക്ക് നിര്‍ദ്ദേശിച്ചത്.

ഈ മാസം 20 ന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. സ്റ്റേഷന്റെ ഉള്ളില്‍ വച്ച് ഇരുവരും തമ്മിലടിക്കുകയായിരുന്നു. വനിത ഉദ്യോഗസ്ഥയുടെ ഫോണ്‍ എ.എസ്.ഐ വലിച്ചെറിഞ്ഞു. തുടര്‍ന്ന് വനിത ഉദ്യോഗസ്ഥ തിരികെ എ.എസ്.ഐ യെ കയ്യേറ്റം ചെയ്തു. സംഭവം വിവാദമായതോടെ ഇരുവരേയും സ്ഥലം മാറ്റിയിരുന്നു.

സജികുമാറിനെ ചിങ്ങവനം സ്‌റ്റേഷനിലേക്കും, വിദ്യാരാജനെ മുണ്ടക്കയത്തേക്കുമാണ് സ്ഥലം മാറ്റിയത്. ജില്ല പൊലീസ് മോധാവിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പിയെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തിയിരുന്നു.

Read more

വനിത പൊലീസ് ഉദ്യോഗസ്ഥയും, എ.എസ്.ഐയും അടുപ്പത്തിലായിരുന്നു എന്നും, എ.എസ്.ഐയുടെ ഭാര്യയെ ഇവര്‍ ഫോണില്‍ വിളിച്ച് സംസാരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നുമാണ് അറിയുന്നത്. പൊലീസുകാരിയുടെ ഫോണിലേക്ക് എ.എസ്.ഐ അശ്ലീല സന്ദേശമയച്ചതായും ആരോപണമുണ്ട്.