സംസ്ഥാനത്തെ ഏതു പൊലീസ് സ്റ്റേഷനിലും ഇനി മുതൽ പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് എഫ്ഐആര്‍ അയച്ചു കൊടുക്കും. അതതു സ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നു നിര്‍ബന്ധമില്ലെന്ന് സംസ്ഥാന പൊലീസ് മീഡിയ സെന്റർ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ക്രിമിനല്‍ നടപടി നിയമസംഹിതയിലെ വകുപ്പ് 170 പ്രകാരമാണ് തീരുമാനം. ട്രെയിനിലോ ബസ്സിലോ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നയാള്‍ക്ക് ഇറങ്ങുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇതിലൂടെ സാധിക്കും. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി.
പൊലീസിനു നേരിട്ടു കേസ് എടുക്കാവുന്ന കുറ്റകൃത്യത്തെ കുറിച്ച് അറിവു ലഭിച്ചിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗസ്ഥർക്ക് രണ്ടുവര്‍ഷം വരെ തടവും പിഴയും ശിക്ഷ നല്‍കാന്‍ ഇന്ത്യന്‍ ശിക്ഷാനിയമം വ്യവസ്ഥ ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് തന്‍റെ അധികാരപരിധിയുടെ പുറത്ത് നടന്ന കുറ്റകൃത്യമാണെങ്കിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ബന്ധപ്പെട്ട സ്റ്റേഷനിലേയ്ക്ക് അയച്ചു കൊടുക്കാനാണ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം.
Read more
പുതിയ നിർദേശങ്ങൾ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ വകുപ്പുതലത്തിലും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഉത്തര്‍ പ്രദേശ് സര്‍ക്കാരും ലളിതകുമാരിയും തമ്മില്‍ നടന്ന കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെ കുറിച്ച് വിശദമായി പ്രതിപാദിച്ചിരുന്നു.