പലവ്യഞ്ജനക്കടയില്‍ നിന്ന് വാങ്ങിയ ബണ്‍ കഴിച്ച് ഭക്ഷ്യവിഷബാധ; വര്‍ക്കലയില്‍ യുവാവിന് ദാരുണാന്ത്യം; മാതാവും സഹോദരങ്ങളും ചികിത്സയില്‍

തിരുവനന്തപുരം വര്‍ക്കലയില്‍ പലവ്യഞ്ജനക്കടയില്‍ നിന്ന് ബണ്‍ വാങ്ങിക്കഴിച്ച യുവാവ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. ഇലകമണ്‍ കക്കാട് കല്ലുവിള വീട്ടില്‍ വിജു ആണ് കഴിഞ്ഞ ദിവസം മരിച്ചത്. വിജുവിനെ കൂടാതെ ബണ്‍ കഴിച്ച യുവാവിന്റെ അമ്മ കമലയും സഹോദരങ്ങളായ വിനീത്, വിനീത എന്നിവരും ചികിത്സയില്‍ തുടരുന്നു.

കല്ലമ്പലം കരവാരം ജംഗ്ഷനിലെ പലവ്യഞ്ജനക്കടയില്‍ നിന്ന് വെള്ളിയാഴ്ച വൈകുന്നേരം ബണ്‍ വാങ്ങി കഴിച്ചതിനെ തുടര്‍ന്നാണ് വിജുവിന് ശാരീരിക അസ്വാസ്ഥ്യതകള്‍ അനുഭവപ്പെട്ടതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. വിജു വാങ്ങിയ ബണ്‍ മാതാവും സഹോദരങ്ങളും കഴിച്ചിരുന്നു. രാത്രിയോടെ വിജുവിന് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതായി സഹോദരന്‍ പറഞ്ഞു.

Read more

രാവിലെ വിജുവിനെ ചലനമറ്റ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് പലവ്യഞ്ജനക്കടയില്‍ പരിശോധന നടത്തി കട താത്കാലികമായി അടയ്ക്കുവാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.