'സിവില്‍ പൊലീസ് ഓഫീസര്‍ എന്ന വിളിപ്പേര്‌ പൊലീസിനു നല്‍കിയത് കോടിയേരി, ഒരിക്കലും മറക്കാന്‍ കഴിയാത്ത ആഭ്യന്തരമന്ത്രി'

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് പൊലീസ് സേനക്കുണ്ടായ നേട്ടങ്ങളെ കുറിച്ച് എണ്ണിയെണ്ണി പറഞ്ഞാണ് മുന്‍ ഡിജിപി കോടിയേരിയെ അനുസ്മരിച്ചത്. കേരള ജനതയ്ക്കും കേരളത്തിലെ പൊലീസുകാര്‍ക്കും ഒരിക്കലും മറക്കാന്‍ കഴിയാത്ത ആഭ്യന്തരമന്ത്രിയാണ് കോടിയേരിയെന്ന് പുന്നൂസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജേക്കബ് പുന്നൂസിന്റെ കുറിപ്പ്..

അതീവദുഃഖത്തോടെയാണ് ഈ വാക്കുകള്‍ കുറിയ്ക്കുന്നത്. കേരള ജനതയ്ക്കും കേരളത്തിലെ പോലീസുകാര്‍ക്കും ഒരിക്കലും മറക്കാന്‍ കഴിയാത്ത ആഭ്യന്തരമന്ത്രി! കോണ്‍സ്റ്റബിള്‍ ആയിച്ചേര്‍ന്ന ഭൂരിഭാഗം പോലീസുകാരും 30 വര്‍ഷം സേവനംചെയ്തു കോണ്‍സ്റ്റബിള്‍ ആയിത്തന്നെ റിട്ടയര്‍ചെയ്യുന്ന പരിതാപകരമായ അവസ്ഥയില്‍നിന്നു, യോഗ്യരായവര്‍ക്കെല്ലാം 15 കൊല്ലത്തില്‍ HCറാങ്കും 23കൊല്ലത്തില്‍ ASI റാങ്കും ഇന്ത്യയില്‍ ആദ്യമായി നല്‍കിയ വ്യക്തി.

അദ്ദേഹം നടപ്പാക്കിയ ജനമൈത്രിപോലീസുവഴി പോലീസുകാര്‍ കുടുംബമിത്രങ്ങളായും സ്റ്റുഡന്റ്‌പോലീസ്‌കേഡറ്റ്പദ്ധതിവഴി പോലീസുകാര്‍ കുട്ടികള്‍ക്ക് അദ്ധ്യാപകരായും അധ്യാപകര്‍ സ്‌കൂളിലെ പോലീസ് ഉദ്യോഗസ്ഥരും ആയും മാറി. കേരളത്തിലെ ആയിരക്കണക്കിന് എക്സ്സര്‍വീസുകാരെ HomeGuard കളാക്കിപോലീസിന്റെയും നാട്ടുകാരുടെയും സഹായികളാക്കി.

കേരളത്തില്‍ ആദ്യമായി തണ്ടര്‍ബോള്‍ട്‌കമാന്‍ഡോ ഉള്ള ബറ്റാലിയനും തീരദേശപോലീസും കടലില്‍പോകാന്‍ പോലീസിന്‌ ബോട്ടുകളും മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന തീരദേശ ജാഗ്രതസമിതികളും അദ്ദേഹമാണ് സ്ഥാപിച്ചത്. ശബരിമലയില്‍ Virtual Digital Queue തുടങ്ങാനും ആദ്ദേഹം പച്ചക്കൊടി കാട്ടി.

ഇന്ന്‌ പോലീസിനെ വിളിക്കുന്ന സിവില്‍ പോലീസ്ഓഫീസര്‍ എന്നവിളിപ്പേര്‌ പോലീസിനു നല്‍കിയത് ശ്രീകോടിയേരി ആണ്. ഇന്ത്യയിലെ ഏറ്റവും സമഗ്രവും ജനാധിപത്യപരവൂമായ police act നിയമസഭയില്‍ അവതരിപ്പിച്ചതും നടപ്പാക്കിയതും മറ്റാരുമല്ല. എല്ലാ പോലീസ് സ്റ്റേഷനിലും കമ്പ്യൂട്ടര്‍ നല്‍കി, എല്ലാ പോലീസ് സ്റ്റേഷനിലും internet connection നല്‍കി, പോലീസിന്റെ കമ്പ്യൂട്ടര്‍വല്‍കരണം ജനങ്ങള്‍ക്ക് അനുഭവ വേദ്യമാക്കിയതും അദ്ദേഹം.

ട്രാഫിക്‌ബോധവല്‍ക്കരണത്തിന്, ഒരു പക്ഷേ ലോകത്തില്‍ആദ്യമായി, ഒരു Mascot. ‘പപ്പു സീബ്ര ‘ കേരളത്തില്‍ ഉടനീളം കുട്ടികളുടെ ഇഷ്ടതോഴനായതും അദ്ദേഹം വഴി
മൊബൈല്‍ഫോണ്‍ എന്നത്‌ senior ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സ്വകാര്യ അഭിമാനമായിരുന്ന 2009ല്‍, ഇന്ത്യയില്‍ ആദ്യമായി, സ്റ്റേഷനുകളില്‍ജോലിഎടുക്കുന്ന പോലീസുകാര്‍ക്ക് സര്‍ക്കാര്‍ചെലവില്‍ ഔദ്യോഗിക mobile connection നല്‍കിയതും ഇദ്ദേഹമാണെന്നത് പ്രത്യേകം ഓര്‍ക്കുന്നു.

Read more

അതേസമയം അച്ചടക്കംപാലിപ്പിക്കുന്നതിലും തെറ്റ്‌ചെയ്യുന്നവരെ ശിക്ഷിക്കുന്നതിലും അദ്ദേഹത്തിന് യാതൊരു ചാഞ്ചല്യവും ഇല്ലായിരുന്നു താനും. പോലീസിന്റെ പെരുമാറ്റവും സേവനനിലവാരവും ആത്മാഭിമാനവും അച്ചടക്കവും ഉയര്‍ത്തുന്നതില്‍ അതുല്യമായ സംഭാവന നല്‍കിയ വ്യക്തിയാണ്‌ നമ്മെ വിട്ടുപോയത്. വലിയ ദുഃഖം ആണ് എനിക്കീവേര്‍പാട്. അഭിവാദനങ്ങള്‍..