മുന്‍ എം.എല്‍.എയുടെ മകന്റെ ആശ്രിതനിയമനം റദ്ദാക്കിയ നടപടി, കേരളം സുപ്രീംകോടതിയില്‍

മുന്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിതനിയമനം റദ്ദാക്കിയതിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചു. പൊതുതാല്‍പര്യ ഹര്‍ജിയില്‍ നിയമനം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് ആധികാരമില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ഈ നടപടി റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.

ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എയായ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍ പ്രശാന്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി അശോക് കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ചായിരുന്നു പ്രശാന്തിന് നിയമനം നല്‍കിയത്. എന്നാല്‍ നിയമനത്തിനായി പ്രത്യേക തസ്തികയുണ്ടാക്കാന്‍ മന്ത്രിസഭയക്ക് അധികാരം ഉണ്ടെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചിരിക്കുന്നത്. വേണ്ട യോഗ്യത ഇല്ലെങ്കിലോ, നിയമപ്രകാരം ഉള്ള ചട്ടങ്ങള്‍ക്ക് പാലിക്കാതെയോ ആണെങ്കില്‍ മാത്രമേ നിയമനം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരം ഉള്ളുവെന്ന് സര്‍ക്കാര്‍ വാദിച്ചു.

2018 ജനുവരിയിലായിരുന്നു എന്‍ജിനിയറിംഗ് ബിരുദധാരിയായ പ്രശാന്തിന് പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയറായി നിയമനം നല്‍കിയത്. ഇത് ഭരണഘടനയുടെ 14, 16 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നാണ് ഹൈക്കോടതി പറഞ്ഞത്. എന്നാല്‍ നിയമനം അനധികൃതമല്ലെന്നും, പ്രശാന്തിന് വേണ്ട യോഗ്യതകള്‍ ഉണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നിയമനം കാരണം ആര്‍ക്കും അവസരം നഷ്ടപ്പെട്ടിട്ടില്ലെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ അനുസരിച്ച് ഗവര്‍ണര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് തസ്തിക രൂപീകരിച്ചത് എന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read more

നിയമനം ചട്ടവിരുദ്ധമാണെന്ന് കാണിച്ചാണ് ഹൈക്കോടതി റദ്ദാക്കിയത്. എംഎല്‍എ ജനപ്രതിനിധിയാണെന്നും, അദ്ദേഹത്തിന്റെ മകന് ആശ്രിതനിയമനത്തിന് അര്‍ഹതയില്ലന്നുമായിരുന്നു ഹര്‍ജിക്കാരന്‍ പറഞ്ഞത്. പിതാവിന്റെ മരണത്തെ തുടര്‍ന്ന് നിയമസഭാ സീറ്റ് ആവശ്യപ്പെടാതിരിക്കാനാണ് മകന് ജോലി നല്‍കിയതെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.