കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 47,35,500 രൂപ കണ്ടുകെട്ടാന്‍ വിജിലന്‍സിന് അനുമതി നല്‍കി സര്‍ക്കാര്‍

മുന്‍ എംഎല്‍എ കെഎം ഷാജിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ തുക കണ്ടു കെട്ടാന്‍ സര്‍ക്കാര്‍ അനുമതി. പിടിച്ചെടുത്ത 47,35,500 രൂപ കണ്ടുകെട്ടാന്‍ ആഭ്യന്തരവകുപ്പ് വിജിലന്‍സിന് അനുമതി നല്‍കി ഉത്തരവിറക്കി. പിടിച്ചെടുത്ത പണം തിരികെ നല്‍കേണ്ടതില്ലെന്ന് കോടതി ഉത്തരവിട്ടിരുന്നു.

കണ്ണൂരിലെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത 47, 35,500 രൂപ തിരികെ വേണമെന്നായിരുന്നു ഷാജിയുടെ ആവശ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു വിജിലന്‍സ് പണം പിടിച്ചെടുത്തത്. പണം വിട്ട് നല്‍കുന്നത് അന്വേഷണത്തെ കാര്യമായി തന്നെ ബാധിക്കുമെന്ന് വിജിലന്‍സ് കോടതിയില്‍ വാദിച്ചു. ഈ വാദം കോടതി അംഗീകരിച്ചു.

അഴിക്കോട്ടെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത 4735500 രൂപ പാര്‍ട്ടിയുടെ ബൂത്ത് കമ്മിറ്റികളില്‍നിന്ന് കിട്ടിയ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നുമായിരുന്നു കെഎം ഷാജിയുടെ വാദം. ഇത് തിരികെ ലഭിക്കണമെന്ന് ചൂണ്ടികാട്ടി ഫണ്ട് പിരിവിന്റെ രേഖകള്‍ ഷാജി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഷാജി ഹാജരാക്കിയ 20,000 രൂപയുടെ രസീതുകളടക്കം വ്യാജമാണെന്നും പതിനായിരം രൂപക്ക് മുകളിലുള്ള തുക ഇത്തരത്തില്‍ രസീത് ഉപയോഗിച്ച് പിരിച്ചെടുക്കാനാവില്ലെന്നും വിജിലന്‍സ് വാദിച്ചു.

അഴിക്കോട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് പ്ലസ്ടു അനുവദിക്കാമെന്ന് പറഞ്ഞ് കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നും 1.47 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നുമാണ് കേസ്.