ജമ്മുവില്‍ ഭീകരാക്രമണത്തില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു; ആറ് സൈനികര്‍ക്ക് പരിക്ക്, ഏറ്റുമുട്ടല്‍ തുടരുന്നു

ജമ്മു കശ്മീരിലെ കത്വയില്‍ സൈന്യത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. ആക്രമണത്തില്‍ ആറ് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പട്രോളിംഗ് നടത്തിയ സൈന്യത്തിന്റെ വാഹന വ്യൂഹത്തിന് നേരെ തിങ്കളാഴ്ച ഉച്ചയോടെയാണ് ആക്രമണം നടന്നത്. മലമുകളില്‍ നിന്ന് സൈന്യത്തിന്റെ വാഹനത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

കശ്മീരിലെ കത്വ ജില്ലയില്‍ നിന്ന് 150 കിലോമീറ്റര്‍ ബദ്നോട്ട ഗ്രാമത്തിലാണ് സൈന്യത്തിന് നേരെ ആക്രമണമുണ്ടായത്. പ്രദേശത്ത് ഭീകരരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. സൈന്യത്തിന് നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്.

ഇന്ത്യന്‍ സൈന്യത്തിന്റെ 9 കോര്‍പ്‌സിലെ കീഴിലാണ് സംഘര്‍ഷം തുടരുന്ന പ്രദേശം. ജൂണ്‍ 11,12 തീയതികളില്‍ ജമ്മു കശ്മീരിലെ ദോഢ ജില്ലയില്‍ ഇരട്ട ഭീകരാക്രമണം നടന്നിരുന്നു. ജൂണ്‍ 26ന് ദോഢ ജില്ലയിലെ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു.