വിവാഹ വാഗ്ദാനം നൽകി മാട്രിമോണി സൈറ്റിലൂടെ തട്ടിപ്പ്. വയനാട് സ്വദേശിനിയായ യുവതിയിൽ നിന്നും 85000 രൂപ തട്ടിയയാളെ സൈബർ പോലീസ് പിടികൂടി. എറണാകുളം ആലങ്ങാട് കോട്ടപ്പുറം സ്വദേശിയായ ദേവധേയം വീട്ടിൽ വി എസ് രതീഷ്മോൻ(37) ആണ് എറണാകുളത്ത് വച്ച് പിടിയിലായത്. അതേസമയം ഇയാൾക്കെതിരെ 2023- ൽ എറണാകുളം ഹിൽ പാലസ് സ്റ്റേഷനിൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേസുണ്ട്.
മാട്രിമോണി സൈറ്റിൽ വ്യാജ പ്രൊഫൈലുണ്ടാക്കി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകിയാണ് രതീഷ്മോൻ വയനാട് സ്വദേശിനിയായ യുവതിയിൽ നിന്നും പണം തട്ടിയത്. മറ്റൊരാളുടെ ഫോട്ടോ ഉപയോഗിച്ചാണ് ഇയാൾ മാട്രിമോണി സൈറ്റിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിത്. യുവതിയിൽ നിന്നും 85,000 രൂപയാണ് ഇയാൾ തട്ടിയത്. വ്യാജ പ്രൊഫൈൽ വഴി പരിചയപ്പെട്ട യുവതിയെ ഫോണിലൂടെയും വാട്സ്ആപ്പ് വഴിയും ബന്ധപ്പെട്ടിരുന്നു.
പിന്നീട് യുവതിയുടെ ബന്ധുക്കളെയും ബന്ധപ്പെട്ട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയായിരുന്നു. ഇവരെ വിശ്വസിപ്പിച്ച് രതീഷ് യുവതിയുമായി ബന്ധം തുടർന്നു. ഇതിന് ശേഷം ഇക്കഴിഞ്ഞ ജനുവരിയിൽ പലപ്പോഴായി യുവതിയിൽ നിന്നും ഓൺലൈൻ ബാങ്കിംഗ് വഴി 85,000 രൂപ യുവാവ് കൈക്കലാക്കി. പീന്നീട് സംശയം തോന്നി വിവരങ്ങൾ ചോദിച്ചതോടെ ഇയാൾ യുവതിയെ ബ്ലോക്ക് ചെയ്തു. ഇതോടെ യുവതിയും കുടുംബവും പൊലീസിനെ സമീപിക്കുകയായിരുന്നു.