'ജി സുധാകരൻ ഉറച്ച കമ്മ്യൂണിസ്റ്റ്, വീട്ടിൽ ചെന്ന് കണ്ടാൽ മാറുന്ന ആളല്ല'; കൂടിക്കാഴ്ചയിൽ പ്രതികരിച്ച് കെ വി തോമസ്

കെ സി വേണുഗോപാൽ ജി സുധാകരൻ കൂടിക്കാഴ്ചയിൽ പ്രതികരിച്ച് കെ വി തോമസ്. ആരോഗ്യ പ്രശ്നം കൊണ്ടല്ല ജി സുധാകരനെ കെ സി വേണുഗോപാലൻ കണ്ടതെന്ന് വിശ്വസിക്കുന്നില്ലെന്ന് കെ വി തോമസ് പറഞ്ഞു. ജി സുധാകരൻ ഉറച്ച കമ്മ്യൂണിസ്റ്റ് ആണെന്നും വീട്ടിൽ ചെന്ന് കണ്ടാൽ മാറുന്ന ആളല്ലെന്നും കെ വി തോമസ് കൂട്ടിച്ചേർത്തു.

കോൺഗ്രസ് ആദ്യം പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാട്ടെ എന്നും കെ വി തോമസ് പറഞ്ഞു. വീട്ടിൽ ഉള്ളവർ തങ്ങൾക്ക് ഭക്ഷണം തരൂ എന്ന് പറയുമ്പോൾ പുറത്തുള്ളവർക്ക് ഭക്ഷണം കൊടുക്കാൻ പോവുകയാണ് കോൺഗ്രസ്‌. സിപിഎം ഒരു കേഡർ പാർട്ടിയാണ്, താഴെ തട്ട് മുതൽ ചർച്ചകളും അഭിപ്രായങ്ങളും നടക്കും.അത് ആ പാർട്ടിയുടെ കരുത്താനിന്നും കെ വി തോമസ് പറഞ്ഞു.

അതേസമയം ഇരുവരുടെയും കൂടിക്കാഴ്ച വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. ആലപ്പുഴ സിപിഎമ്മില്‍ കനത്ത വിഭാഗീയത നേരിടുമ്പോഴാണ് വിവാദമായ കൂടിക്കാഴ്ച. സിപിഎം പരിപാടികളില്‍ നിന്ന് തുടരെ ജി സുധാകരനെ മാറ്റിനിര്‍ത്തിയതിന് പിന്നാലെ ആയിരുന്നു ഏരിയ സമ്മേളനത്തില്‍ നേരിട്ട അവഗണനയും ചര്‍ച്ചയായിരുന്നു.

വീടിന് ചുറ്റുവട്ടത്ത് നടന്ന അമ്പലപ്പുഴ ഏര്യ സമ്മേളനത്തില്‍ ജി സുധാകരനെ ക്ഷണിക്കാതിരുന്നതും ഏറെ വിവാദമായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്ന് മുതിര്‍ന്ന നേതാവിനെ മാറ്റി നിര്‍ത്തുന്നുവെന്നാണ് സിപിഎമ്മിന്റെ അഭിപ്രായം. എന്നാല്‍ സംഭവം വലിയ ചര്‍ച്ചയായ സാഹചര്യത്തില്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബു ജി സുധാകരന്റെ അവസ്ഥ ദയനീയമാണെന്ന് പറഞ്ഞിരുന്നു.