പയ്യന്നൂരില്‍ ഗാന്ധിപ്രതിമ തകര്‍ത്ത സംഭവം; രണ്ട് ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍ പയ്യന്നൂരില്‍ ഗാന്ധിപ്രതിമ തകര്‍ത്ത സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. താനിശേരി സ്വദേശി ടി.അമല്‍, മൂരിക്കൂവല്‍ സ്വദേശി എം.വി.അഖില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 13ന് രാത്രിയാണ് പയ്യന്നൂരിലെ കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തലയറുത്തത്. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധം നടത്തിയതിന് പിന്നാലെയായിരുന്നു സംഭവം.

പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം രാഹുല്‍ഗാന്ധിയുടെ എം പി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി ഇന്നലെ കസ്റ്റഡിയിലായിരുന്നു. ഇതോടെ പിടിയിലായവരുടെ എണ്ണം 30 ആയി.

Read more

നേരത്തെ കസ്റ്റഡിയിലായ ആറ് പേരെ റിമാന്‍ഡ് ചെയ്തു. അക്രമത്തെ തുടര്‍ന്ന് നടപടി തീരുമാനിക്കാന്‍ എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരും. ഓഫിസ് ആക്രമിച്ചതില്‍ ജില്ലാ കമ്മിറ്റിയുടെ വിശദീകരണം കേള്‍ക്കും. എസ്എഫ്‌ഐ സംസ്ഥാന സെന്റര്‍ അംഗങ്ങള്‍ പങ്കെടുക്കുന്ന യോഗത്തില്‍ നടപടി തീരുമാനിക്കും.