എല്ലാവരെയും പോലെ സഭാദ്ധ്യക്ഷന്മാര്‍ക്കും ഒരു വോട്ടേയുള്ളു, ബിഷപ്പുമാര്‍ പറയുന്നിടത്ത് വിശ്വാസികള്‍ വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞു പോയി: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കേരളത്തിലെ ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്മാര്‍ ബിജെപി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിമര്‍ശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. എല്ലാവരെയും പോലെ സഭാദ്ധ്യക്ഷന്മാര്‍ക്കും ഒരു വോട്ടേയുള്ളു എന്നും ബിഷപ്പുമാര്‍ പറയുന്നിടത്ത് വിശ്വാസികള്‍ വോട്ട് ചെയ്യുന്ന കാലം എന്നേ കഴിഞ്ഞു പോയി എന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

കുറിപ്പ് ഇങ്ങനെ..

നമ്മുടെ രാജ്യത്ത് എല്ലാവരെയും പോലെ സഭാ അധ്യക്ഷന്മാര്‍ക്കും ഒരേയൊരു വോട്ട് മാത്രമേയുള്ളു. അവര്‍ക്ക് സ്വാധീനവും നിയന്ത്രണവുമുള്ള ഏക വോട്ടും അതു മാത്രമാണ്. ബിഷപ്പുമാര്‍ പറയുന്നിടത്ത് വിശ്വാസികള്‍ വോട്ട് ചെയ്യുന്ന കാലം എന്നേ കഴിഞ്ഞു പോയി…! അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യവും..

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ക്രൈസ്തവ സഭാധ്യക്ഷര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം കാണുന്നില്ലെന്ന് യാക്കോബായ സഭ അസിസ്റ്റന്റ് കാതോലിക്ക ജോസഫ് മാര്‍ ഗ്രിഗോറിയോസ് വ്യക്തമാക്കിയിരുന്നു. സഭാധ്യക്ഷന്‍മാര്‍ പറയുന്നതു കേട്ടല്ല ജനം വോട്ടു ചെയ്യുന്നത്. ഭരിക്കുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തികള്‍ അനുസരിച്ചാണ് ജനം വോട്ടു ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വേദനകളും ആശങ്കകളും പ്രധാനമന്ത്രിയുമായി പങ്കുവയ്ക്കാന്‍ സാധിച്ചത് വലിയ കാര്യമായിട്ടാണ് കാണുന്നതെന്നും, അല്ലാതെ അതില്‍ രാഷ്ട്രീയമൊന്നും കാണുന്നില്ലെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.

Read more

ഇന്നലെ രാത്രിയാണ് ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി (സിറോ മലബാര്‍ സഭ), പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ (മലങ്കര ഓര്‍ത്തഡോക്‌സ് സഭ), മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ (മലങ്കര കത്തോലിക്കാ സഭ), ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ (ലത്തീന്‍ സഭ), ജോസഫ് മാര്‍ ഗ്രിഗോറിയോസ് (യാക്കോബായ സഭ), മാര്‍ മാത്യു മൂലക്കാട്ട് (ക്‌നാനായ കത്തോലിക്കാ സഭ), മാര്‍ ഔഗിന്‍ കുര്യാക്കോസ് (കല്‍ദായ സുറിയാനി സഭ), കുര്യാക്കോസ് മാര്‍ സേവേറിയോസ് (ക്‌നാനായ സുറിയാനി സഭ) എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.