ഒല്ലൂരില്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്ത് പശ്ചിമ ബംഗാളിലേക്ക്; പ്രതികളെ ബംഗാളില്‍ പോയി പൊക്കി കേരള പൊലീസ്

തൃശൂര്‍ ഒല്ലൂരില്‍ 37 പവന്‍ സ്വര്‍ണം തട്ടിയെടുത്ത് മുങ്ങിയ രണ്ട് പ്രതികളെ പശ്ചിമബംഗാളില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് ഒല്ലൂര്‍ പൊലീസ്. അഞ്ചേരിയില്‍നിന്ന് സ്വര്‍ണ്ണം കവര്‍ന്ന പശ്ചിമബംഗാള്‍ സ്വദേശികളായ രവിശങ്കര്‍ ഭട്ടാചാര്യ, അമത് ഡോളായി എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും പശ്ചിമബംഗാളില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

സെപ്റ്റംബര്‍ 28ന് ആയിരുന്നു സംഭവം നടക്കുന്നത്. ഒല്ലൂര്‍ അഞ്ചേരിയിലെ സ്വര്‍ണ നിര്‍മ്മാണ സ്ഥാപനത്തിലെ തൊഴിലാളികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് 37 പവനുമായി മുങ്ങുകയായിരുന്നു. ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ പശ്ചിമ ബംഗാളിലേക്ക് കടന്നതായി കണ്ടെത്തുകയായിരുന്നു.

ഇതിന് പിന്നാലെയാണ് പൊലീസ് പശ്ചിമബംഗാളില്‍ നിന്ന് പ്രതികളെ പിടികൂടിയത്. തൃശ്ശൂരില്‍നിന്ന് ബസിലും കാറിലും തമിഴ്നാട്ടിലെത്തിയ ശേഷമാണ് പ്രതികള്‍ പശ്ചിമബംഗാളിലേക്ക് കടന്നത്. തൃശൂരിലെ മറ്റൊരു പ്രമുഖ സ്വര്‍ണ്ണപ്പണി ശാലയിലും സമാനരീതിയില്‍ മോഷണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു.