അപ്പോള്‍ കളി കാര്യമാണ്, ഇ.ഡി നോട്ടിസ് കിട്ടി, നാളെ ഏതായാലും ഹാജരാകില്ല: തോമസ് ഐസക്

കിഫ്ബിയിലെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡിയുടെ നോട്ടീസ് സ്ഥിരീകരിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്. അക്കൗണ്ട് ബുക്കും മറ്റെല്ലാ രേഖകളുമായി ഹാജരാകാനുള്ള ഇഡിയുടെ സമന്‍സ് കുറച്ചുമുമ്പ് ഇമെയിലില്‍ ലഭിച്ചുവെന്ന് തോമസ് ഐസക് അറിയിച്ചു.

കിഫ്ബിക്കെതിരെ വീണ്ടും ഇഡി. അക്കൗണ്ട് ബുക്കും മറ്റെല്ലാ രേഖകളുമായി ഹാജരാകാനുള്ള ഇഡിയുടെ സമന്‍സ് കുറച്ചുമുമ്പ് ഇ-മെയിലില്‍ ലഭിച്ചു. 13-07-2022-ന് സ്പീഡ് പോസ്റ്റ് വഴി അയച്ചതാണുപോലും. അയച്ചത് ഞാന്‍ 15 വര്‍ഷം മുമ്പ് താമസിച്ചിരുന്ന ആലപ്പുഴ കലവൂരിലെ മേല്‍വിലാസത്തിലും. അപ്പോള്‍ ഇഡി ചില പത്രക്കാര്‍ക്കു സമന്‍സ് ലീക്ക് ചെയ്തു നല്‍കിയപ്പോഴും എനിക്കതു ലഭിച്ചിരുന്നില്ല. അപ്പോള്‍ കളി കാര്യമാണ്.

പക്ഷേ ഇഡിക്കു ചെയ്യാവുന്നതിന്റെ പരമാവധി രണ്ടുവര്‍ഷം മുമ്പ് ചെയ്തുകഴിഞ്ഞൂവെന്നാണ് എന്റെ ധാരണ. സി&എജിയും ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും ഇഡിയും ഒത്തുചേര്‍ന്നാണല്ലോ കെണിയൊരുക്കാന്‍ നോക്കിയത്. ഒന്നും നടന്നില്ല. കേരളത്തിലെ ജനങ്ങള്‍ ഈ ആക്ഷേപങ്ങള്‍ തള്ളിക്കളയുകയും ചെയ്തിരുന്നു. ഇപ്പോള്‍ പുതിയ പുറപ്പാടിന്റെ ലക്ഷ്യമെന്ത്?
ബിജെപിക്ക് പുതിയ എന്തെങ്കിലും രാഷ്ട്രീയ പ്ലാന്‍ ഉണ്ടാവണം. ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായി ഇഡി അധപതിച്ചിട്ട് ഏതാനും വര്‍ഷങ്ങളായി. അവര്‍ അവരുടെ രാഷ്ട്രീയം തുടരട്ടെ. നമുക്ക് നമ്മുടേതും. എന്തൊക്കെയാണ് ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍?

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിദേശ നാണയ ചട്ടലംഘനം, കള്ളപ്പണം തുടങ്ങിയവയൊക്കെ അന്വേഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയാണ്. കിഫ്ബി മസാലബോണ്ട് ഇറക്കിയതില്‍ വിദേശനാണയ നിയമലംഘനം ഉണ്ടെന്നാണ് ആക്ഷേപം. സംസ്ഥാന സര്‍ക്കാരിന് മസാലബോണ്ട് എടുക്കാനുള്ള അധികാരം ഇല്ലായെന്നുള്ളതാണ് ആദ്യത്തെ വാദം. സംസ്ഥാന സര്‍ക്കാരിന് ഇല്ലായെന്നതു ശരി. പക്ഷേ കിഫ്ബിയെന്നാല്‍ സംസ്ഥാന സര്‍ക്കാരല്ല. കിഫ്ബി ഒരു ‘ബോഡി കോര്‍പ്പറേറ്റ്’ ആണ്. നിയമസഭ പാസ്സാക്കിയ കിഫ്ബി നിയമത്തില്‍ ഇതു വ്യക്തമാക്കിയിട്ടുള്ളതാണ്.

ഭരണഘടന പ്രകാരം വിദേശ വായ്പയും വിദേശനാണയവും സംബന്ധിച്ച് നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാരിനേ അധികാരമുള്ളൂ. അങ്ങനെ കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിച്ച നിയമമാണ് The Foreign Exchange Management Act (FEMA). ഫെമ നിയമപ്രകാരം വിദേശവായ്പകള്‍ റെഗുലേറ്റ് ചെയ്യുന്നതിനുള്ള അധികാരം റിസര്‍വ്വ് ബാങ്കില്‍ നിക്ഷിപ്തമാണ്. ഈ അധികാരം ഉപയോഗിച്ച് റിസര്‍വ്വ് ബാങ്ക് ഒരു മാസ്റ്റര്‍ സര്‍ക്കുലര്‍ (RBI/FED/2015-16/15 FED (Master Direction No.5/2015-16)) പുറപ്പെടുവിച്ചു. മാസ്റ്റര്‍ ഡയറക്ഷന്റെ മൂന്നാം വകുപ്പിലാണ് മസാലബോണ്ടുകള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നത്. വകുപ്പ് (3.3.2) പ്രതിപാദിക്കുന്നത് ആര്‍ക്കൊക്കെ മസാലബോണ്ടുകള്‍ പുറപ്പെടുവിക്കാമെന്നതാണ്. അതുപ്രകാരം ബോഡി കോര്‍പ്പറേറ്റുകള്‍ക്ക് മസാലബോണ്ട് വായ്പയെടുക്കാനുള്ള അവകാശം ഉണ്ട്. (Any corporate or body corporate is eligible to issue such bonds….) കിഫ്ബി നിയമപ്രകാരം ഒരു ബോഡി കോര്‍പ്പറേറ്റാണെന്നു നേരത്തേ പറഞ്ഞുവല്ലോ.

700 മില്യണ്‍ ഡോളറില്‍ താഴെയുള്ള മസാലബോണ്ടുകള്‍ വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ ലഭ്യമാകും. നേരിട്ട് ഹാജരാകേണ്ടതില്ല. അംഗീകൃത ബാങ്ക് പോലുള്ള ഏജന്‍സികള്‍ വഴി അപേക്ഷകളും വിശദീകരണങ്ങളും നല്‍കിയാല്‍ മതി. റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുള്ള ചിട്ടകള്‍ പ്രകാരം ആക്‌സിസ് ബാങ്ക് വഴി അപേക്ഷ നല്‍കി. 2150 കോടി രൂപയ്ക്കുള്ള മസാലബോണ്ടുകള്‍ പുറത്ത് ഇറക്കുന്നതിനാണ് 2018 ജൂണ്‍ 1 ന് റിസര്‍വ്വ് ബാങ്കില്‍ നിന്ന് അനുമതിയും ലഭിച്ചു.

കൂട്ടത്തില്‍ ഒന്നു പറയട്ടെ. കിഫ്ബി വിവാദത്തിനുശേഷം ബോഡി കോര്‍പ്പറേറ്റുകള്‍ക്ക് മസാലബോണ്ട് ഇറക്കാനുള്ള അവകാശം ചട്ട ഭേദഗതിയിലൂടെ എടുത്തു കളഞ്ഞു. 2019 ജനുവരി 16-ന് ആര്‍ബിഐ ചട്ടം ഭേദഗതി ചെയ്തു. അതുപ്രകാരം ഭാവിയില്‍ കിഫ്ബിക്ക് മസാല ബോണ്ട് ഇറക്കാന്‍ കഴിയില്ല. ഈ ഭേദഗതി വരുന്നതിനു മുന്‍പു തന്നെ കിഫ്ബി മസാല ബോണ്ട് ഇഷ്യൂ ചെയ്തു കഴിഞ്ഞിരുന്നല്ലോ. അതുകൊണ്ട് കിഫ്ബി വായ്പയ്ക്കു ചട്ടഭേദഗതി ബാധകമല്ല.

ഇന്ത്യയില്‍ മസാലബോണ്ട് ഇറക്കുന്നതിന് അനുമതി ലഭിച്ച ആദ്യ സ്ഥാപനമല്ല കിഫ്ബി. ഉദാഹരണത്തിന് കിഫ്ബിയുടേതിനു സമാനമായ ലീഗല്‍ സ്റ്റാറ്റസുള്ള സ്ഥാപനമാണ് കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഹൈവേ അതോറിറ്റി (എന്‍എച്ച്എഐ). എന്‍എച്ച്എഐയ്ക്ക് മസാലബോണ്ടു വഴി 5000 കോടി രൂപ സമാഹരിക്കാന്‍ റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കുകയും അവര്‍ ബോണ്ട് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. KIIFB എടുത്തത് മാത്രം FEMA ലംഘനവും കള്ളപ്പണവും ആകുന്നത്?

റിസര്‍വ്വ് ബാങ്കില്‍ നിന്ന് അനുമതി വാങ്ങുക മാത്രമല്ല, എല്ലാ മാസവും വായ്പാ പണത്തിന്റെ ഉപയോഗം സംബന്ധിച്ച് നിശ്ചിത ഫോമില്‍ റിസര്‍വ്വ് ബാങ്കിനു സമര്‍പ്പിക്കുന്നുമുണ്ട്. ഇതുവരെ റിസര്‍വ്വ് ബാങ്ക് ഇതില്‍ എന്തെങ്കിലും അനധികൃതമായിട്ടുള്ളതു കണ്ടിട്ടില്ല. റിസര്‍വ്വ് ബാങ്ക് ഇതുവരെ കാണാത്ത ഫെമ ലംഘനമാണ് ഇഡി കഴിഞ്ഞ രണ്ടു വര്‍ഷമായി കണ്ടെത്തുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ കൂടുതല്‍ വിശദീകരണത്തിനായി എന്നെ വിളിപ്പിച്ചിരിക്കുകയാണ്.

Read more

ഫെമ ഒരു സിവില്‍ നിയമം ആയതുകൊണ്ടായിരിക്കാം കേസിന് എരിവും പുളിയും നല്‍കാന്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമംകൂടി എടുത്തു വീശാന്‍ ഇഡി തീരുമാനിച്ചിരിക്കുന്നത്. അംഗീകൃത പൊതുമേഖലാ ബാങ്കുകള്‍ വഴിയാണ് കെ.വൈ.സി എല്ലാം പരിശോധിച്ച് മസാലബോണ്ടില്‍ പണം നിക്ഷേപിക്കുന്നത്. ഈ പണമാവട്ടെ കിഫ്ബിയില്‍ നിന്നു നല്‍കുന്നത് ബാങ്കുകളിലൂടെ പൊതുമേഖലാ നിര്‍വ്വഹണ ഏജന്‍സികള്‍ക്കാണ്. ഇതില്‍ ഏതു ഘട്ടത്തിലാണ് കള്ളപ്പണം കയറ്റി ‘അലക്കാന്‍’ കഴിയുന്നത്? ഇനി ഹാജരാകുന്നതിന്റെ കാര്യം. നാളെ ഏതായാലും പറ്റില്ല. ഇഎംഎസ് അക്കാദമിയില്‍ മൂന്ന് ക്ലാസുകളുണ്ട്. പിന്നീടുള്ളത് പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.