നെഹ്റു ട്രോഫിക്കിറങ്ങിയ ക്ലബുകളെയും ചുണ്ടൻവള്ളങ്ങളെയും തഴഞ്ഞ് സർക്കാർ, ഒരു കോടി രൂപയുടെ ഗ്രാന്റ് ഇതുവരെ അനുവദിച്ചില്ല

നെഹ്‌റു ട്രോഫി വളളംകളി മത്സരം കഴിഞ്ഞ് ഒന്നര മാസം പിന്നിട്ടിട്ടും ക്ലബുകൾക്ക് നൽകേണ്ട ഗ്രാന്റും ബോണസും അനുവദിക്കാതെ സർക്കാർ. ഒരു കോടി രൂപ ഗ്രാന്റ് ഇനത്തിൽ നൽകേണ്ടിടത്ത് ഒരു ലക്ഷം രൂപയുടെ അഡ്വാൻസ് മാത്രമാണ് സർക്കാർ നൽകിയിട്ടുള്ളത്. ഇതോടെ കടുത്ത സാമ്പത്തിക നേരിടുന്ന നെഹ്റു ട്രോഫിക്കിറങ്ങിയ ക്ലബ് ഉടമകൾ തുഴച്ചിലുകാർക്ക് വേതനം പോലും നൽകാൻ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്.

പുന്നമടയിൽ നെഹ്റു ട്രോഫി ജലമേള നടന്നത് കഴിഞ്ഞ ഓഗസ്റ്റ് 12 നാണ്.  19 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 72 വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. സ്വന്തമായി കടംവാങ്ങിയും പണം മുടക്കിയുമാണ് ക്ലബ് ഉടമകൾ ജലമേളക്കായി ഒരുക്കങ്ങൾ നടത്തിയത്. എന്നാൽ മത്സരം അവസാനിച്ചതോടെ ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്.

വള്ളംകളി സംഘാടകരായ എൻടിബിആർ സൊസൈറ്റിയും ടൂറിസം വകുപ്പ് വഴിയുമാണ് സര്‍ക്കാർ പണം നല്‍കേണ്ടത്. കൈയില്‍ പണമില്ലെന്നാണ് സർക്കാരിന്റെ മറുപടി. സർക്കാർ ആകെ നൽകിയത് 19 ചുണ്ടന്‍ വള്ളങ്ങള്‍ക്ക് ഒരു ലക്ഷം രൂപയുടെ അഡ്വാന്‍സും ചെറുവള്ളങ്ങൾക്ക് 25000 രൂപയുമാണ്.

Read more

ബോണസ് തുക വൈകുന്നത് പ്രതിഷേധാർഹമാണെന്ന് കേരളം ബോട്ട് ക്ലബ് അസോസിയേഷൻ പ്രതികരിച്ചു. അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഇല്ലെന്നും ക്ലബുകളും അസോസിയേഷനായും സമര പരിപാടികളിലേക്ക് നീങ്ങുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. പ്രതിസന്ധിയിലായ ക്ലബ്ല് ഉടമകള്‍ ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ ബാക്കിയുള്ള മല്‍സരങ്ങളിൽ ബഹിഷ്ക്കരിക്കുന്ന കാര്യം തീരുമാനിക്കാ‍ന്‍ ഉടൻ യോഗം ചേരും.