സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാമൂഹ്യമാധ്യമങ്ങള്‍ മുഖേന രാഷ്ട്രീയ കക്ഷികളുമായി ബന്ധപ്പെട്ട ഉള്ളടക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാനമായ വിധം പ്രചരിപ്പിച്ചാല്‍ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.
ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് 2019 മാര്‍ച്ച് 21 ന് പുറത്തിറക്കിയ സര്‍ക്കുലറിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പാലിക്കണം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പ്രേരിതമായി പ്രവര്‍ത്തിക്കരുത്. ചില ഉദ്യോഗസ്ഥര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇത്തരം പ്രവര്‍ത്തനം നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഉത്തരവ്.
ഉദ്യോഗസ്ഥര്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കാന്‍ പാടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സ്വതന്ത്രവും നിഷ്പക്ഷവും പക്ഷപാതരഹിതവുമായി പ്രവര്‍ത്തിക്കണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും സ്ഥാനാര്‍ത്ഥികളേയും ഒരുപോലെ പരിഗണിക്കുകയും എല്ലാവരോടും നീതിപൂര്‍വ്വവുമായി വര്‍ത്തിക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ പേര്, പദവി എന്നിവ ഒരു വ്യക്തിയെ അല്ലെങ്കില്‍ ഒരു ഗ്രൂപ്പിനെ സഹായിക്കാനോ എതിര്‍ക്കാനോ ഉപയോഗിക്കാന്‍ പാടില്ല. ഉദ്യോഗസ്ഥര്‍ വ്യക്തിപരമായി തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങള്‍ സംഘടിപ്പിക്കുകയോ മറ്റുള്ളവര്‍ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാനോ പാടില്ല.
Read more
ക്രമസമാധാന പാലനം സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഈ ആവശ്യത്തിന് പങ്കെടുക്കുന്നതിന് തടസമില്ല. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയപാര്‍ട്ടികളില്‍ അംഗമാകാന്‍ പാടില്ല. ഉദ്യോഗസ്ഥര്‍ അവരുടെ സ്വാധീനം ഉപയോഗിച്ച് വോട്ട് പിടിക്കാനും പാടില്ല. കൂടാതെ ഉദ്യോഗസ്ഥര്‍ സര്‍വീസ് ചട്ടങ്ങള്‍, ക്രിമിനല്‍ നടപടി ചട്ടങ്ങള്‍, 1951ലെ ജനപ്രാതിനിധ്യ നിയമം എന്നിവ ലംഘിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.