ഗുരുവായൂരപ്പന്റെ ഥാര്‍ പരസ്യലേലത്തിന്; ഭക്തരില്‍ ആര്‍ക്കും സ്വന്തമാക്കാം, അടിസ്ഥാന വില 15 ലക്ഷം രൂപ

ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ‘മഹീന്ദ്ര ഥാര്‍’ പരസ്യ ലേലത്തില്‍ വെക്കാന്‍ ഒരുങ്ങി ദേവസ്വം ഭരണ സമിതി. ഡിസംബര്‍ 18 ശനിയാഴ്ച 3 മണിക്കാണ് ലേലം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. കിഴക്കേ നടയിലെ ദീപസ്തംഭത്തിന് സമീപമാണ് ലേലം. ഭക്തരില്‍ നിന്ന് ആര്‍ക്ക് വേണമെങ്കിലും ലേലത്തില്‍ പങ്കെടുക്കാമെന്നും ദേവസ്വം ഭരണസമിതി അറിയിച്ചു. വ്യാഴാഴ്ച ചേര്‍ന്ന ഭരണ സമിതി യോഗത്തിലാണ് ഥാര്‍ പരസ്യലേലത്തില്‍ വെക്കാന്‍ തീരുമാനമായത്.

ചുവന്ന നിറത്തിലുള്ള ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ് ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ചത്. 13 മുതല്‍ 18 ലക്ഷം വരെ വിലയുള്ള ഈ വാഹനത്തിന് 15 ലക്ഷം രൂപയാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്. ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെ പഴയ കാല മഹീന്ദ്ര ജീപ്പുകളെ അനുസ്മരിപ്പിക്കുന്ന ഡിസൈനില്‍ തയാറാക്കിയ ഈ വാഹനം 2020 ഒക്ടോബര്‍ 2നാണ് വിപണിയില്‍ അവതരിപ്പിച്ചത്.സവിശേഷമായ പല ഫീച്ചറുകളും പുതിയ ഥാറിലുണ്ട്. 2200 സിസിയാണ് എന്‍ജിന്‍. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം എല്‍.എക്‌സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയിട്ടുണ്ട്.

ഡിസംബര്‍ നാലിനാണ് ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്രയുടെ ന്യൂ ജനറേഷന്‍ എസ്യുവി ഥാര്‍ സമര്‍പ്പിച്ചത്. ഗുരുവായൂര്‍ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ചീഫ് ഓഫ് ഗ്ലോബല്‍ പ്രോഡക്ട് ഡവലപ്‌മെന്റ് ആര്‍. വേലുസ്വാമി വാഹനത്തിന്റെ താക്കോല്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി മോഹന്‍ദാസിന് കൈമാറി.
ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി വിനയന്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് വൈസ് ചെയര്‍മാന്‍ ജോസ് സാംസണ്‍, കേരള കസ്റ്റമര്‍ കെയര്‍ ഹെഡ് കണ്ടപ്പാ പറ്റിത്, ഏരിയ സെയില്‍സ് മാനേജര്‍ ജഗന്‍കുമാര്‍ ഡി.എച്ച്, ക്ഷേത്രം ഡി.എ പി. മനോജ് കുമാര്‍, ക്ഷേത്രം മാനേജര്‍ എ.കെ രാധാകൃഷ്ണന്‍, അസിസ്റ്റന്റ് മാനേജര്‍ രാമകൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Read more

അതേ സമയം, തുലാഭാരത്തിനുള്ള ചന്ദനം, വെളളി നിരക്കുകള്‍ കുറയ്ക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ചന്ദനം കിലോഗ്രാമിന് 10,000 രൂപയും വെള്ളിക്ക് 20,000 രൂപയുമാണ് തീരുമാനിച്ചിരിക്കുന്നത്.