ദത്ത് കേസിൽ കുഞ്ഞ് അനുപമയുടേതാണെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പരാതിക്കാരിയായ അനുപമയ്ക്കൊപ്പമായിരുന്നു സർക്കാരെന്നും അനുപമയ്ക്ക് എത്രയും വേഗം കുഞ്ഞിനെ കിട്ടട്ടേയെന്നും വീണ ജോർജ് പറഞ്ഞു. വകുപ്പുതല അന്വേഷണം പൂർത്തിയായിയെന്നും റിപ്പോർട്ടിൻമേൽ തുടർനടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
അനുപമയുടെ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്ര ദമ്പതികൾക്ക് ദത്തുനടപടികളിൽ മുൻഗണന ലഭിക്കുമെന്നും ഇക്കാര്യം ദമ്പതികളെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുട്ടിയെ ഏത് സംസ്ഥാനത്ത് നിന്ന് വേണമെങ്കിലും ദത്ത് എടുക്കാം. അത് അവർക്ക് തെരഞ്ഞെടുക്കാമെന്നും മന്ത്രി വ്യക്തമാക്കി. ഇവർക്ക് മുൻഗണന നൽകണമെന്ന് ദേശീയ അഡോപ്ഷൻ ഏജൻസിയെ അറിയിച്ചതായും മന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാന ശിശു ക്ഷേമ സമിതിയുടെ അനുമതി ലഭിച്ചതോടെ അനുപമയും ഭർത്താവ് അജിത്തും ശിശുഭവനിലെത്തി കുഞ്ഞിനെ കണ്ടു. അനുപമയുടെയും അജിത്തിന്റെയും സാമ്പിൾ കുഞ്ഞിന്റെ ഡി.എൻ.എയുമായി യോജിച്ചതോടെയാണ് കുഞ്ഞ് അനുപമയുടെതാണെന്ന് വ്യക്തമായത്.. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയാണ് സാമ്പിളുകൾ പരിശോധിച്ചത്.
അതിയായ സന്തോഷമുണ്ടെന്നും കുഞ്ഞിനെ എത്രയും വേഗം തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷയെന്നും അനുപമ പ്രതികരിച്ചു. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുന്നു. ഒരു വർഷത്തിലേറെയായി ഉള്ള കാത്തിരിപ്പിന്റെയും പോരാട്ടത്തിന്റെയും ഫലമാണിത്. കുഞ്ഞിനെ കയ്യിൽ കിട്ടുന്ന നിമിഷം മാത്രമാണ് ഇപ്പോൾ മനസ്സിലുള്ളതെന്നും അനുപമ പറഞ്ഞു.
Read more
ആരോപണ വിധേയർക്കെതിരെ നടപടി എടുക്കുകയും, തന്റെ ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്യുന്നത് വരെ സമരം തുടരുമെന്ന് അവർ വ്യക്തമാക്കി. കുഞ്ഞിനെ കയ്യിൽ കിട്ടിയാൽ മാത്രം തീരുന്ന വിഷയമല്ല ഇതെന്നും അനുപമ കൂട്ടിചേർത്തു. സംഭവത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് നേരത്തെ അനുപമ ആവശ്യപ്പെട്ടിരുന്നു.