തൃശൂരിൽ കനത്ത മഴ തുടരുന്നു. അഞ്ച് താലൂക്കുകളിലായി നിലവില്‍ 11 ക്യാമ്പുകൾ ജില്ലയിൽ പ്രവർത്തിക്കുന്നു. ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ മുന്നൊരുക്കത്തിന്റെ ഭാഗമായി വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നു എല്ലാവരോടും ക്യാമ്പിലേക്കു മാറാൻ നിർദേശം നൽകി. വാൽപ്പാറയിലും മലക്കപ്പാറയിലും മണ്ണിടിച്ചിലുണ്ടായി.
വാൽപ്പാറയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മുത്തശ്ശിയും കൊച്ചുമകളും മരിച്ചു. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു രാജേശ്വരി, ജ്ഞാനപ്രിയ എന്നിവരുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഷോളയാർ ഡാം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് ജ്ഞാനപ്രിയ. രാവിലെ പ്രദേശവാസികൾ എത്തിയപ്പോഴേക്കും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു.
Read more
ജില്ലയിൽ 159 കുടുംബങ്ങളിലെ 484 പേരാണ് ക്യാമ്പുകളിലുള്ളത്. 191 പുരുഷന്മാരും 218 സ്ത്രീകളും 75 കുട്ടികളും ഉള്‍പ്പെടുന്നു. ചാലക്കുടി- 4, മുകുന്ദപുരം- ഒന്ന്, തൃശൂര്‍- ഒന്ന്, തലപ്പിള്ളി – 4, ചാവക്കാട് – ഒന്ന് എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളുടെ എണ്ണം. തൃശൂർ വില്ലടത്തെ വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ ക്യാമ്പിലേക്ക് മാറ്റി. മാടക്കത്തറ പഞ്ചായത്തിലെയും തൃശൂർ കോർപറേഷനിലെ വില്ലടം ഡിവിഷൻ പ്രദേശത്തെയും 30ലധികം കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്.