കെ.സഹദേവന്‍
കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാനത്തെ സമസ്ത രാഷ്ട്രീയ പാര്‍ട്ടികളും അധികാരികളും ചേര്‍ന്ന് നടപ്പിലാക്കിയ, ”കേരളത്തിന്റെ സ്വപ്ന പദ്ധതി”യെന്ന് വിശേഷിപ്പിക്കപ്പെട്ട, കായംകുളം തെര്‍മല്‍ പവര്‍ പ്ലാന്റിനെക്കുറിച്ചാണ്.
വൈദ്യുതി ഉത്പാദിപ്പിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിലയമുടമകള്‍ക്ക് (എന്‍ടിപിസി) കാശുകൊടുക്കുന്ന അത്യപൂര്‍വ്വ പദ്ധതിയെക്കുറിച്ച്….
രാജീവ് ഗാന്ധി കംബൈന്‍ഡ് സൈക്ക്ള്‍ പ്ലാന്റ് എന്ന ഔദ്യോഗിക നാമത്തില്‍ അറിയപ്പെടുന്ന, നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കായങ്കുളം താപനിലയം സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലെ കായങ്കുളത്തെ ചൂളത്തെരുവിലാണ്.
മൊത്തത്തില്‍ 350 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള മൂന്ന് നിലയങ്ങളാണ് ഇവിടെയുള്ളത്. 1998 നവമ്പറില്‍ 115 മെഗാവാട്ട് ശേഷിയുള്ള ആദ്യ യൂണിറ്റ് കമ്മീഷന്‍ ചെയ്യപ്പെട്ടു. 115 മെഗാവാട്ട് ശേഷിയുള്ള രണ്ടാമത്തെ യൂണിറ്റ് 1999 ഫെബ്രുവരിയിലും 120 മെഗാവാട്ട് ശേഷിയുള്ള മൂന്നാം യൂണിറ്റ് 1999 ഡിസമ്പറിലും പ്രവര്‍ത്തനമാരംഭിച്ചു. നിലയത്തിന്റെ പ്രാഥമിക ഇന്ധനം ഇറക്കുമതി ചെയ്യപ്പെട്ട നവീകരിച്ച നാഫ്തയായിരുന്നു. നാഫ്ത ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ താപനിലയം എന്ന ഖ്യാതി കൂടി കായങ്കുളം പദ്ധതിക്ക് അവകാശപ്പെട്ടതാണ്.
പദ്ധതിയുടെ നിര്‍മ്മാണച്ചെലവ് 1,189 കോടി രൂപ. ലോക ബാങ്ക് കടമായി നിര്‍മ്മാണച്ചെലവ് കണ്ടെത്തി. ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ പാതിഭാഗം സംസ്ഥാന വൈദ്യുതി ബോര്‍ഡ് വാങ്ങണമെന്ന കരാറിന്റെ അടിസ്ഥാനത്തിലായിരുന്ന പദ്ധതി പ്രവര്‍ത്തനമാരംഭിക്കുന്നത്.
എന്നാല്‍, 2021 മുതല്‍ കായംകുളം പദ്ധതി സമ്പൂര്‍ണ്ണമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നുമാത്രമല്ല, ഇതിന് ഏഴ് വര്‍ഷം മുന്നെ തന്നെ (2014തൊട്ട്) സംസ്ഥാന വൈദ്യുതി ബോര്‍ഡ് കായങ്കുളത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് നിര്‍ത്തിവെച്ചിരുന്നു.
അന്താരാഷ്ട്ര തലത്തില്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ ഭാഗമായോ രാജ്യത്തിന്റെ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള വ്യഗ്രതകൊണ്ടോ അല്ല നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നത്.
പിന്നെ?
കായങ്കുളത്തുനിന്നും വാങ്ങുന്ന വൈദ്യുതിക്ക് യൂണിറ്റിന് 15 രൂപ വരെ നല്‍കേണ്ടി വരുന്നു എന്നതുതന്നെ. സംസ്ഥാനത്തിന് പുറത്തുനിന്ന് യൂണിറ്റിന് 5 രൂപ മുതല്‍ ആറു രൂപ വരെ വാങ്ങാമെന്നിരിക്കെ കായങ്കുളം വൈദ്യുതി സംസ്ഥാന ഖജനാവിന് താങ്ങാവുന്നതായിരുന്നില്ല. കായംകുളം പദ്ധതി പ്രവര്‍ത്തനം ആരംഭിച്ച നാള്‍തൊട്ട് ഉയര്‍ന്ന വിലയ്ക്കായിരുന്നു സംസ്ഥാനം വൈദ്യുതി വാങ്ങിക്കൊണ്ടിരുന്നത്.
വൈദ്യുതി ഉത്പാദിപ്പിച്ചാലും ഇല്ലെങ്കിലും നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം വാര്‍ഷിക സ്ഥിര നിരക്ക് (Annual fixed Rate) എന്ന നിലയില്‍ 100 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്. 2016-ല്‍ ഈ തുക 240 കോടി രൂപയായിരുന്നു. 2020-ല്‍ ഇത് 100 കോടിയായി സ്ഥിരപ്പെടുത്തി.
അതായത് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍, വാങ്ങാത്ത വൈദ്യുതിക്കായി സംസ്ഥാന ഖജനാവില്‍ നിന്ന് സ്ഥിരവിലയെന്ന നിലയില്‍ നാം നല്‍കിയ തുക 1460 കോടി രൂപയാണ്.
പദ്ധതിയുടെ മൊത്തം നിര്‍മ്മാണ ചെലവ് 1189 കോടി രൂപയാണെന്ന കാര്യം ഇവിടെ ഒന്നുകൂടി ഓര്‍ക്കുന്നത് നന്ന്.
ഏറ്റവും ഒടുവില്‍ മെഥനോള്‍ (Methyl Alcohol) ഉപയോഗിച്ച് വൈദ്യുതി ഉത്പാദനം ആരംഭിക്കുന്നതിനെക്കുറിച്ചാണ് എന്‍ ടി പി സി ആലോചിക്കുന്നത് എന്നാണറിവ്. 2024 ആഗസ്റ്റ് മാസത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചതായി അറിയുന്നു. മെഥനോള്‍ ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനും വിജയകരമെന്ന് കണ്ടാല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദനം തുടങ്ങാം എന്നുമാണ് അധികൃതരുടെ നിലപാട്. BHEL (Bharat Heavy Electricals limited) മായി കരാറുകള്‍ ആരംഭിച്ചതായും അറിയുന്നു.
ഈ പരീക്ഷണം വിജയിച്ചില്ലെങ്കില്‍ നമ്മുടെ ഊര്‍ജ്ജാസൂത്രണത്തിലെ നൈപുണ്യം പ്രദര്‍ശിപ്പിച്ചുകൊണ്ട് കായങ്കുളം താപനിലയങ്ങള്‍ പ്രവര്‍ത്തനരഹിതമായി ഇവിടെ നിലനില്‍ക്കും.
വിലയുടെ കാര്യത്തില്‍ അങ്ങേയറ്റം അസ്ഥിരത നിലനില്‍ക്കുന്ന, പൂര്‍ണ്ണമായും ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്ന, ഒരു ഇന്ധന സ്രോതസ്സിനെ – നാഫ്തയെ – അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഊര്‍ജ്ജോത്പാദന നിലയം സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി സ്വീകരിച്ചതിന്റെ ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുക്കുമോ?! വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാന്‍ കാണിച്ച അതേ ആവേശം കായംകുളം പദ്ധതിയുടെ കാര്യത്തില്‍ കാണിക്കുമോ? ഇല്ല.
എല്ലാവരും പഴയ ശങ്കുപ്പിള്ള ഹെഡ്കോണ്‍സ്റ്റബിളിന്റെ റോളിലേക്ക് വലിയും. തന്റെ സ്റ്റേഷനതിര്‍ത്തിയിലെ പുഴത്തീരത്ത് അണഞ്ഞ അജ്ഞാത ശവം അടുത്ത സ്റ്റേഷന്‍ പരിധിയിലേക്ക് ലാത്തികൊണ്ട് തള്ളിയകറ്റിയ ശങ്കുപ്പിള്ള കോണ്‍സ്റ്റബിളിന്റെ ചാതുര്യമാണ് ഇവിടുത്തെ രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ക്ക്.
ന്യായീകരണത്തൊഴിലാളികളുടെ രൂപത്തില്‍ ഇന്ന് ശങ്കുപ്പിള്ള കോണ്‍സ്റ്റബ്ള്‍മാര്‍ എല്ലാ പാര്‍ട്ടികളിലും ഉള്ളതുകൊണ്ടുതന്നെ ഭരണനേതൃത്വങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യതയുമില്ല.
Read more
ആണവ നിലയം പോലുള്ള അപകടകരവും ചെലവേറിയതുമായ ഊര്‍ജ്ജോത്പാദന സാങ്കേതിക വിദ്യകളെ കേരളം പോലുള്ള ജനസാന്ദ്രതയുള്ള പ്രദേശത്തേക്ക് സ്വാഗതം ചെയ്യുന്നവര്‍ സംസ്ഥാനത്തിന്റെ വൈദ്യുതി ഉത്പാദന-വിതരണ-ഉപഭോഗ മേഖലകള്‍ നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളികള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുമോ?