പുത്തന്‍ മാറ്റങ്ങളുമായി ഇന്‍സ്റ്റാഗ്രാം; റീല്‍സുകള്‍ ഇനി മൂന്ന് മിനുട്ട് വരെ

പുത്തന്‍ മാറ്റങ്ങളുമായി ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ച് മെറ്റ. റീല്‍സുകളുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചും പ്രൊഫൈല്‍ ഗ്രിഡില്‍ മാറ്റം വരുത്തിയുമാണ് ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയത്. 90 സെക്കന്‍ഡുള്ള റീലുകളുടെ ദൈര്‍ഘ്യം മൂന്ന് മിനിറ്റാക്കിയാണ് ഉയര്‍ത്തുന്നത്. പുതിയ മാറ്റം നിലവില്‍ വരുന്നതോടെ മൂന്ന് മിനിറ്റ് വരെയുള്ള റീലുകള്‍ പങ്കുവെക്കാന്‍ സാധിക്കും.

റീല്‍സ് നിര്‍മ്മിക്കുന്നവരുടെ നിരന്തര ആവശ്യം പരിഗണിച്ചായിരുന്നു ഇന്‍സ്റ്റാഗ്രാം റീല്‍സിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ദൈര്‍ഘ്യമേറിയ വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ ഇന്‍സ്റ്റഗ്രാമില്‍ മുന്‍പും സാധ്യമാകുമായിരുന്നു. എന്നാല്‍ ഇത്തരം വീഡിയോകള്‍ റീല്‍ ആയി പോസ്റ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല.

പ്രൊഫൈല്‍ ഗ്രിഡിലെ മാറ്റമാണ് മറ്റൊന്ന്. നിലവില്‍ സമചതുരാകൃതിയിലാണ് ഇന്‍സ്റ്റഗ്രാമില്‍ ഗ്രിഡ് കാണാന്‍ കഴിയുക. ഇത് ദീര്‍ഘചതുരാകൃതിയിലാകും. വീഡിയോകള്‍ എഡിറ്റ് ചെയ്യാനായുള്ള എഡിറ്റ്‌സ് എന്ന ആപ്പും മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിട്ടുണ്ട്.