'തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റ്'; സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റ ചർച്ച നടക്കുന്നില്ലെന്ന് കെ മുരളീധരൻ

സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റ ചർച്ച നടക്കുന്നില്ലെന്ന് കെ മുരളീധരൻ. നേതൃമാറ്റം സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും അതേക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ട് പോലുമില്ലെന്നും കെ മുരളീധരൻ പറ‌ഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചും പാർട്ടിയിൽ ചർച്ചയില്ലെന്നും എന്നാൽ ഡിസിസി ഭാരവാഹി തലത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്നും കെ മുരളീധരൻ പറഞ്ഞു.

കെ സുധാകരനെ മാറ്റണമെന്ന ആവശ്യം ഹൈക്കമാൻ്റിനോട് ഞങ്ങളാരും ഉന്നയിച്ചിട്ടില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി. ഇക്കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. കെ സുധാകരന് ഒരു ആരോഗ്യ പ്രശ്നവുമില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റമെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് കെ മുരളീധരന്റെ പ്രതികരണം.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് സർവേ നടത്തുന്നതിൽ തെറ്റില്ലെന്നും കെ മുരളീധരൻ പറഞ്ഞു. പാർട്ടി വേദിയിൽ ഇക്കാര്യം വി ഡി സതീശനോട് പറഞ്ഞിട്ടുണ്ടെന്നും എന്നാൽ തീരുമാനം എടുക്കുന്നത് ഹൈക്കമാൻഡാണെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. അതേസമയം സംസ്ഥാനത്ത് കോൺഗ്രസിന് മിനിമം 60 സീറ്റുകളെങ്കിലും ലഭിക്കണമെന്നും കെ മുരളീധരൻ കൂട്ടീച്ചർത്തു.

പാർട്ടിക്ക് കൂടുതൽ നിയമസഭാ സീറ്റ് നേടാൻ എഐസിസി തലത്തിൽ ചർച്ച നടക്കുന്നുണ്ട്. താൻ സർവേ നടത്താൻ പോകുന്നുവെന്ന് പാർട്ടിയിൽ പറയേണ്ടതില്ല. സർവേ പ്രതിപക്ഷ നേതാവിനും കെ സുധാകരനും നടത്താം. എന്നാൽ സർവേ നടത്തിയ കാര്യം പാർട്ടിയിൽ പറയണം. അത് പ്രതിപക്ഷ നേതാവ് ചെയ്തിട്ടുണ്ട്. പാ‍ർട്ടിയിൽ മുഖത്ത് നോക്കി നേതാക്കളെ വിമർശിക്കാൻ ഒരു വിലക്കുമില്ലെന്നും കെ മുരളീധരൻ പറഞ്ഞു പറ‌ഞ്ഞു.