ശബരിമലയില്‍ ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പാക്കുന്ന പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. പദ്ധതിയുടെ പേരില്‍ പണം പിരിച്ചെന്ന കണ്ടെത്തലിന് പിന്നാലെയാണ് കോടതി ഉത്തരവ്. പൊലീസിന്റെ നേതൃത്വത്തിലാണ് പുണ്യം പൂങ്കാവനം ശുചീകരണ പരിപാടി നടപ്പാക്കിയിരുന്നത്.
മുദ്രവച്ച കവറില്‍ എഡിജിപി എംആര്‍ അജിത് കുമാറാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2021ല്‍ ആണ് പദ്ധതിയുടെ പേരില്‍ പലരും പണം പിരിക്കുന്നുണ്ടെന്ന വിവരം പുറത്തുവരുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് പൊലീസ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി അവസാനിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. പണവും മറ്റും പിരിച്ച് ഭക്തരെ വഞ്ചിക്കരുതെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഇടപെടല്‍.
ഒരു മണിക്കൂര്‍ ശുചീകരണം തുടര്‍ന്ന് ബോധവത്കരണം എന്നീ രീതിയിലായിരുന്നു പദ്ധതി നടപ്പാക്കിയിരുന്നത്. പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കി ശബരിമലയെ പവിത്രതയോടെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയത്. കഴിഞ്ഞ മൂന്നു ശബരിമല മണ്ഡലകാലത്തും പുണ്യം പൂങ്കാവനം പദ്ധതി നടപ്പാക്കിയിരുന്നില്ല.