ചുട്ടുപൊള്ളി കേരളം; ആറ് ജില്ലകളിൽ മുന്നറിയിപ്പ്

കനത്ത ചൂടിൽ സംസ്ഥാനമാകെ ചുട്ടുപൊള്ളുകയാണ്.  6 ജില്ലകളിൽ താപനില മുന്നറിയിപ്പ് തുടരുന്നുണ്ട്. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാദ്ധ്യതയുണ്ട്.

പാലക്കാട് ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കും. പകൽസമയം 11 മുതൽ ഉച്ചയ്ക്ക് 3 വരെ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കരുതെന്ന മുന്നറിയിപ്പ് കർശനമായി പാലിക്കണം.

അതേസമയം മധ്യകേരളത്തിലും, തെക്കൻ ജില്ലകളിലും  ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ ലഭിച്ചേക്കും. ഈ പ്രദേശങ്ങളിൽ  താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ജാഗ്രത തുടരേണ്ടതാണ്.