കെ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്ന ശമ്പളം; എതിര്‍പ്പ് അറിയിച്ച് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

കേരള അഡ്മിനിസ്‌ട്രേഷന്‍ സര്‍വീസിലെ (കെഎഎസ്) ഉദ്യോഗസ്ഥര്‍ക്ക് ഐഎഎസ് ഉദ്യോഗസ്ഥരേക്കാള്‍ കൂടുതല്‍ ശമ്പളം നിശ്ചയിച്ചതില്‍ പ്രതിഷേധവുമായി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍. വിഷയത്തില്‍ എതിര്‍പ്പ് അറിയിച്ചു കൊണ്ട് ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് അസോസിയേഷനുകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

കെഎഎസ് ഉദ്യോഗസ്ഥര്‍ക്ക് 81,800 രൂപയാണ് അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഇതിന് പുറമെ ഡിഎ, എച്ച്ആര്‍എ എന്നിവയും പത്ത് ശതമാനം ഗ്രേഡ് പേയും അനുവദിക്കാന്‍ തീരുമാനിച്ചു. മുന്‍ സര്‍വീസില്‍ നിന്ന് കെഎഎസില്‍ പ്രവേശിക്കുന്നവര്‍ക്ക് പരിശീലന കാലയളവില്‍ അവര്‍ക്ക് അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ ഏതാണോ കൂടുതല്‍ അത് നല്‍കും.

കെഎഎസ് ഉദ്യോഗസ്ഥരുടെ ശമ്പളവും ആനുകൂല്യങ്ങളും ശമ്പള കമ്മീഷന്‍ ശിപാര്‍ശ ചെയ്തതിനേക്കാളും അഖിലേന്ത്യാ സര്‍വീസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളേക്കാളും കൂടുതലാണ്. ശമ്പളത്തിലെ അപാകത ഭരണ സംവിധാനത്തിലെ അധികാരക്രമത്തെ പ്രതികൂലമായി ബാധിക്കും. ഓഫീസ് പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കുകയും ചെയ്യും. അതിനാല്‍ മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറങ്ങുന്നതിന് മുമ്പ് സര്‍ക്കാര്‍ ഇടപെട്ട് ഈ തീരുമാനം പിന്‍വലിക്കണം എന്നാണ് ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ബി.അശോകും സെക്രട്ടറി എം.ജി.രാജമാണിക്യവും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കെഎഎസ് ഉദ്യോഗസ്ഥര്‍ ഐപിഎസ് ഉദ്യോഗസ്ഥരെക്കാള്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്നത് ജില്ലാതല ഭരണക്രമത്തില്‍ വിഷമതകള്‍ സൃഷ്ടിക്കും എന്ന് ഐപിഎസ് അസോസിയേഷന്‍ സെക്രട്ടറി ഹര്‍ഷിത അട്ടല്ലൂരിയും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതേ കാരണം തന്നെയാണ് ഐഎഫ്എസ് അസോസിയേഷന്‍ നല്‍കിയ കത്തിലും പറഞ്ഞിട്ടുള്ളത്.